300 കോടിയിൽ ഒരുങ്ങിയ ‘ലിയോ’; റിലീസിനു മുൻപേ ലാഭം സ്വന്തമാക്കി നിർമ്മാതാക്കൾ
റിലീസിനു മുൻപേ തന്നെ മുടക്കുമുതലും ലാഭവും നേടി വിജയത്തിലേക്ക് നടന്നടുക്കുകയാണ് ‘ലിയോ’. ലോകേഷ് കനകരാജ്-വിജയ് ചിത്രം റിലീസിന് മുന്നോടിയായി നടന്ന ബിസിനസിലൂടെ മികച്ച നേട്ടം സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. സാറ്റ്‌ലൈറ്റ്, ഡിജിറ്റൽ, വീഡിയോ അവകാശങ്ങൾ ഉൾപ്പടെ ഉള്ളവയിലൂടെ ചിത്രം നേടിയത് 487 കോടിയാണെന്നാണ് ഫിലിം ട്രാക്കർ എ ബി ജോർജ് എക്സിൽ പോസ്റ്റ് ചെയ്തത്.
300 കോടിയാണ് ലിയോയുടെ ആകെ ബജറ്റ് എന്നാണ് വിവരം. അങ്ങനെയെങ്കിൽ റിലീസിന് മുന്നേ തന്നെ ലാഭം നേടിയ ചിത്രം എന്ന നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ലിയോ. മാത്രമല്ല വിജയ്‍യുടെ കരിയറിലെ എക്കാലത്തെയും മികച്ച യുഎസ് പ്രീമിയർ വിൽപ്പനയായും ലിയോ സ്ഥാനം നേടിയിട്ടുണ്ട്. റിലീസ് ചെയ്യാൻ ഒൻപത് ദിവസം മാത്രം ബാക്കി നിൽക്കെ സിനിമയുടെ പ്രൊമോഷനുകൾ വിദേശത്തും സജീവമായി തുടരുകയാണ്.
തമിഴ്‌നാട് സർക്കാർ നിശ്ചയിച്ചിട്ടുള്ള നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് ഐ മാക്സ് സ്‌ക്രീനുകൾക്ക് ഉയർന്ന നിരക്കിലുള്ള ടിക്കറ്റുകളും ദിവസേന അഞ്ച് ഷോകളും രാവിലെ ഒമ്പത് മണി മുതൽ ഉണ്ടായിരിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. രണ്ട് മണിക്കൂർ 43 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. സിനിമയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും വിവാദങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചായകുന്നുണ്ടെങ്കിലും ലിയോ നൽകുന്ന ഹൈപ്പ് വിവാദങ്ങൾക്ക് സ്ഥാനമില്ല എന്ന് തെളിയിക്കുന്നതാണ്.