‘ഉഷയ്ക്ക് സർജറി ചെയ്തത് ഞാനാണോ എന്ന് ഓർമ്മയില്ല, ഉഷ ലളിതാംബികയുടെ പേഷ്യന്റ് ‘: ഡോ. ഷാഹിദ

ഉഷ ഡോക്ടർ ലളിതാംബികയുടെ പേഷ്യൻറ് എന്നാണ് ഓർമ്മ എന്ന് ഡോ ഷാഹിദ പറഞ്ഞു . ലളിതാംബികയുടെ യൂണിറ്റിന് കീഴിലാണ് താൻ പ്രവർത്തിച്ചത്. സർജറികൾ സാധാരണ നിലയിൽ യൂണിറ്റിന് കീഴിലുള്ളവരും ചെയ്യേണ്ടിവരും. ഉഷയ്ക്ക് സർജറി ചെയ്തത് താനാണോ എന്ന് ഓർമ്മയില്ലെന്നും ഷാഹിദ പറഞ്ഞു.
സർജറിക്ക് മുമ്പും ശേഷവും ഉപകരണങ്ങളുടെ കൃത്യമായ കണക്ക് താൻ എടുക്കാറുണ്ട്. 27 വർഷത്തെ സർവീസിൽ ഒരു കൈപ്പിഴയുമുണ്ടായിട്ടില്ല. സ്ക്രബ് നേഴ്സ് ആലപ്പുഴ മെഡിക്കൽ കോളേജിലുണ്ട്. എന്നാൽ ഫ്ലോർ നേഴ്സ് എന്ന തസ്തിക ആലപ്പുഴ മെഡിക്കൽ കോളേജിൽ ഇല്ലെന്നും ഡോക്ടർ ഷാഹിദ പറഞ്ഞു.
നിലവിൽ അന്വേഷണവുമായി ബന്ധപ്പെട്ട് തന്നെ വിളിച്ചാൽ കാര്യങ്ങൾ പറയും. കൊവിഡ് കാലമായതിനാൽ നിരവധി രോഗികൾ ഉണ്ടായിരുന്നു എന്നും ഷാഹിദ വ്യക്തമാക്കി. ഡോക്ടർ ഷാഹിദ നിലവിൽ എസ്എടി ആശുപത്രിയിലെ ഗൈനക്ക് ആണ്.
അതേസമയം, ഉഷയ്ക്ക് സർജറി നടത്തിയത് ഡോ. ലളിതാംബിക അല്ലെന്നും ഡോ ഷാഹിതയാണെന്നും കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാറും, പ്രിൻസിപ്പലും വ്യക്തമാക്കി. വിഷയം ഗൗരവമായി തന്നെ എടുക്കുകയാണ്. സർജറി നടന്നത് കോവിഡ് സമയത്താണ്. 10.05.2021ലാണ് ആദ്യ ചികിത്സ നടത്തിയത്. പിന്നീട് 12.05.2021ൽ സർജറി നടന്നു. 15-ാം തിയ്യതി ഡിസ്ചാർജ് ചെയ്തു.
ഉഷ പിന്നീട് ആശുപത്രിയിൽ എത്തിയില്ല. സംഭവം നിർഭാഗ്യകരമാണ്. നാലംഗ സംഘം ഇക്കാര്യം അന്വേഷിക്കും. അടിയന്തിരമായി റിപ്പോർട്ട് നൽകും. സർജറിക്ക് നേതൃത്വം നൽകിയത് ഡോക്ടർ ഷാഹിതയാണ്. അവരിപ്പോൾ സർവീസിൽ ഉണ്ട്. വിഷയം പുറത്ത് പറയരുതെന്ന് പറഞ്ഞിട്ടില്ല. എല്ലാ സൗകര്യങ്ങളും ഒരുക്കുകയാണ് ചെയ്തത്. അവരാണ് പിന്നീട് വരാമെന്ന് പറഞ്ഞത്.
കേസ് ഷീറ്റ് പരിശോധിച്ചു. എല്ലാ ഉപകരണങ്ങളും സർജറിക്ക് മുൻപും പിൻപും ഉണ്ടെന്നാണ് റിപ്പോർട്ടിൽ. രണ്ടാമത് നടന്നത് വലിയ സർജറിയാണ്. ഉപകരണം അകത്ത് ഉണ്ടായിരുന്നെങ്കിൽ കാണേണ്ടതാണ്. ഗയ്ഡ് ലൈൻ അനുസരിച്ച് സർജറി ചെയ്യുന്നതിനുള്ള ആളുകൾ ഇല്ലായിരുന്നു. ഫംഗ്ഷൻ ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു.
ഡോ ഷാഹിദ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ്. സർജറിയിൽ എല്ലാ പ്രോട്ടോകോളും പാലിച്ചിട്ടുണ്ട്. ഡോക്ടർമാരെ തിരിച്ചറിഞ്ഞുവെങ്കിലും ചിലർ സർവീസിൽ ഇല്ല. അന്നത്തെ എച്ച്ഒഡി ഡോ ലളിതാംബികയുടെ യുണിറ്റ് ആണ് സർജറി നടത്തിയതെന്നും വണ്ടാനം മെഡിക്കൽ കോളേജ് പ്രിൻസിപ്പലും സൂപ്രണ്ടും പറഞ്ഞു.









































































