“റവന്യു വകുപ്പ് എന്നെ ഏല്‍പ്പിക്ക്, ഞാൻ ശരിയാക്കിത്തരാം”; ശിവരാമന് എം എം മണിയുടെ മറുപടി
തൊടുപുഴ: ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ സംബന്ധിച്ച് തനിക്കെതിരായി പരാമര്‍ശം നടത്തിയ സിപിഐ ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന് മറുപടിയുമായി സിപിഐഎം നേതാവും മുൻ മന്ത്രിയുമായ എം എം മണി. ‘ബന്ധപെട്ടവരോട് പറഞ്ഞ് ശിവരാമൻ, റവന്യു വകുപ്പ് എന്നെ ഏല്‍പ്പിക്ക്, ഞാൻ ശരിയാക്കി തരാം’ എന്നാണ് എം എം മണിയുടെ മറുപടി. ഇതിനോട് ശിവരാമന്റെ മറുപടി ആവശ്യപ്പെടുന്നില്ല, അയാള്‍ക്ക് എന്ത് സൂക്കേടാണെന്നും അറിയില്ലെന്നും എം എം മണി ഫേസ്ബുക്കില്‍ കുറിച്ചു.
മൂന്നാര്‍ ദൗത്യവുമായി ബന്ധപെട്ട വിഷയത്തില്‍ കെ കെ ശിവരാമന്റെ തുടര്‍ച്ചയായ ഫേസ്ബുക് പോസ്റ്റുകളോട് പ്രതികരിയ്ക്കുകയായിരുന്നു എം എം മണി. മുൻ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എ കെ മണിയും താനും ജനങ്ങള്‍ക്ക് ഒപ്പമാണെന്നും എം എം മണി പറഞ്ഞിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ ഭൂവിഷയങ്ങള്‍ വീണ്ടും ചര്‍ച്ചയാവുന്നതോടെ സിപിഎം-സിപിഐ വാക്‌പോര് തുടരുകയാണ്. ഇടുക്കിയില്‍ ശിവരാമൻ പറയുന്ന കയ്യേറ്റം എവിടെയെന്ന് അറിയില്ലെന്ന് എം എം മണി പറഞ്ഞിരുന്നു. കയ്യേറ്റം കാട്ടിക്കൊടുക്കാമെന്നാണ് ശിവരാമൻ നിലപാടെടുത്തത്. ഇടുക്കി ജില്ലയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഫേസ്ബുക്കില്‍ ആവര്‍ത്തിച്ച ശിവരാമൻ, ആയിരക്കണക്കിന് ഏക്കര്‍ കയ്യേറിയ ഭൂമി പാവപ്പെട്ട തോട്ടം തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും വീതിച്ചു കൊടുക്കുകയാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടിരുന്നു. സിപിഐഎം നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും കയ്യേറ്റം ഉണ്ടെന്ന് പ്രചരിക്കുന്നു. ഇവയൊക്കെ അന്വേഷിക്കണ്ടേയെന്നും ശിവരാമൻ ചോദിച്ചിരുന്നു.
2018ല്‍ ഭൂമി കയ്യേറിയ ഒരു കുടുംബം കുരിശു സ്ഥാപിച്ചു. അന്ന് എം എം മണി പറഞ്ഞത് അവര്‍ ഒന്നാംതരം കര്‍ഷകര്‍ ആണെന്നാണ്. ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ അറിയാത്ത മഹാപാവമാണോ എംഎം മണിയെന്നും ശിവരാമൻ ഇന്നലെ ഫേസ്‌ബുക്കില്‍ കുറിച്ചിരുന്നു. ഇടുക്കിയിലേക്ക് പ്രത്യേക ദൗത്യസംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചതോടെയാണ് മുൻകാലങ്ങളിലേത് പോലെ സിപിഐഎം-സിപിഐ മുതിര്‍ന്ന നേതാക്കളുടെ കൊമ്ബുകോര്‍ക്കല്‍ എന്നത് രാഷ്ട്രീയശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്.