മൂന്നാര്‍ ഗ്യാപ് റോഡിലെ അശാസ്ത്രീയ പാറ പൊട്ടിക്കല്‍; നിയമസഭ പരിസ്ഥിതി സമിതി തെളിവെടുത്തു
മൂന്നാര്‍: ഗ്യാപ് റോഡിലെ അശാസ്ത്രീയ പാറ പൊട്ടിക്കലിനെതിരെ ലഭിച്ച പരാതി പരിശോധിക്കുന്നതിന്‍റെ ഭാഗമായി നിയമസഭ പരിസ്ഥിതി സമിതി തെളിവെടുപ്പ് നടത്തി. പ്രശ്നങ്ങള്‍ നേരിട്ടുകണ്ട് മനസ്സിലാക്കിയ അംഗങ്ങള്‍ ശിപാര്‍ശ സര്‍ക്കാറിന് സമര്‍പ്പിക്കാൻ തീരുമാനിച്ചു. ചെയര്‍മാൻ ഇ.കെ. വിജയന്‍ എം.എല്‍.എക്ക് പുറമെ എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളി, ജോബ് മൈക്കിള്‍, ലിന്റോ ജോസഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. എം.എം. മണി എം.എല്‍.എ, സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണശര്‍മ, എ.ഡി.എം ഷൈജു പി. ജേക്കബ് തുടങ്ങിയവര്‍ തെളിവെടുപ്പിലും പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തിലും പങ്കെടുത്തു.
മൂന്നാറിലെ മാലിന്യപ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാൻ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് സമിതി അഭിപ്രായപ്പെട്ടു. നിര്‍ദേശങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചെയര്‍മാൻ അറിയിച്ചു. ‘നമ്മുടെ മൂന്നാര്‍’ പദ്ധതി തയാറാക്കി മാലിന്യപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണം. യോഗത്തില്‍ ഉയര്‍ന്ന പരാതികള്‍ക്ക് ഒരു മാസത്തിനകം പരിഹാരം കാണാനും അത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജില്ലതല വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. മൂന്നാറിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട അതോറിറ്റി രൂപവത്കരണം, പഞ്ചായത്തിലെ ഗ്രീൻ ബജറ്റ് തയാറാക്കല്‍, ഗാര്‍ഹികേതര നിര്‍മാണങ്ങള്‍ക്ക് സ്ഥിരമോ താല്‍ക്കാലികമായതോ ആയ അനുമതി, പരിസ്ഥിതി സംരക്ഷണം, മാലിന്യനിര്‍മാര്‍ജനം എന്നിവയില്‍ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. പഞ്ചായത്ത് നടപ്പാക്കിയ പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സമിതി നേരിട്ടുകണ്ട് മനസ്സിലാക്കി.
പരിസ്ഥിതി സംബന്ധിച്ച് 25 പരാതിയാണ് നേരിട്ട് ലഭിച്ചത്. മലിനജലം പുനരുപയോഗിക്കാനുള്ള പ്ലാന്റ് നിര്‍മിക്കാൻ വാട്ടര്‍ അതോറിറ്റിക്ക് കൈമാറിയ രണ്ടര ഏക്കര്‍ സ്ഥലവും സമിതി സന്ദര്‍ശിച്ചു.