കരുണാപുരത്ത് വ്യാപകമായി തണ്ണീര്‍ത്തടവും നെല്‍പാടവും നികത്തി
നെടുങ്കണ്ടം: ലോക്ഡൗണിന്റെ മറവില്‍ കരുണാപുരത്ത് വ്യാപകമായി തണ്ണീര്‍ത്തടവും നെല്‍പാടവും നികത്തിയതായി റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍. ചേറ്റുഴിക്ക് സമീപം പളിയംകണ്ടത്ത് രണ്ടേക്കര്‍ പാടം മണ്ണിട്ട് നികത്തിയെന്ന പരാതിയില്‍ മേഖലയില്‍ നടത്തിയ പരിശോധനയിലാണ് നിരവധി അനധികൃത പ്രവര്‍ത്തികള്‍ കണ്ടെത്തിയത്. ഡേറ്റാ ബാങ്കിലുള്‍പെട്ട നിലമാണെന്ന് കണ്ടെത്തിയതോടെ സ്‌റ്റോപ് മെമ്മോനല്‍കി ഉടമകള്‍ക്കെതിരേ റവന്യൂ വകുപ്പ് നിയമ നടപടികള്‍ തുടങ്ങി.
കരുണാപുരം പഞ്ചായത്തിലെ ചേറ്റുകുഴി പളിയംകണ്ടത്തുള്ള രണ്ടേക്കര്‍ നിലം അനധികൃതമായി മണ്ണിട്ട് നികത്തിയെന്ന പരാതിയില്‍ ദേവികുളം സബ് കലക്ടറുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് വ്യാപക നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതിയിലുള്ള കരുണാപുരം വില്ലേജിലെ സര്‍വേ നമ്പര്‍ 67/1ല്‍ പെട്ട രണ്ടര ഏക്കറോളം വരുന്ന നെല്‍വയലാണ് നികത്താന്‍ ശ്രമിച്ചത്. വയലിന് നടുവില്‍ വലിയ കുളം നിര്‍മിച്ച ശേഷം ഖനനം ചെയ്തെടുത്ത മണ്ണിട്ട് വയല്‍ നികത്താനാണ് ശ്രമം നടന്നത്. സംഭവത്തില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഉടക്കെതിരെ കേസെടുത്തു. ലോക്ഡൗണില്‍ ഏല്ലാ സര്‍ക്കാര്‍ വകുപ്പുകളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നില്‍ക്കുന്ന സമയം മുതലെടുത്താണ് പാടം നികത്തിയത്.
മേഖലയില്‍ മുമ്പ് ഉണ്ടായിരുന്നതിന്റെ നാലില്‍ ഒന്ന് നെല്‍വയലുകളും നികത്തിയതായാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍ പറഞ്ഞു. ഇത്തവണത്തെ ലോക് ഡൗണിലാണ് വ്യാപകമായി നിലം നികത്തല്‍ നടന്നത്. സ്ഥലത്തെ ഒരു എക്സൈസ് ഉദ്യോഗസ്ഥന്‍ ഏക്കറുകണക്കിന് ഭൂമി നികത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അനുമതിയില്ലാതെ വയല്‍ നികുത്തുവാനോ, വയലില്‍ ഖനനം നടത്താനോ പടില്ലായെന്ന നിയമം ലംഘിച്ച് മേഖലയില്‍ നിരവധിയിടങ്ങളില്‍ കുളങ്ങള്‍ നിര്‍മിച്ച് ഏലമടക്കമുള്ള മറ്റ് വിളകള്‍ കൃഷി ചെയ്യുവാനും നീക്കം നടന്നു. മണ്ണ് കയറ്റിയുള്ള വലിയ ലോറികള്‍ ഓടി പഞ്ചായത്ത് റോഡും തകര്‍ന്നു. അനധികൃത കുളം നിര്‍മ്മാണത്തിലും റോഡ് തകര്‍ന്നതിലും പഞ്ചായത്തും നടപടി ആരംഭിച്ചു.