തട്ടം പരാമർശം : പാർട്ടി നിലപാട് ഉയർത്തിപ്പിടിക്കുമെന്ന് അഡ്വ.കെ.അനിൽ കുമാർ
തട്ടം പരാമർശത്തിൽ വിശദീകരണവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം അഡ്വ.കെ.അനിൽ കുമാർ. പാർട്ടി നിലപാട് ഉയർത്തിപ്പിടിക്കുമെന്നും എം.വി ഗോവിന്ദൻ നൽകിയ വിശദീകരണമാണ് തന്റെ നിലപാടെന്നും അനിൽകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കമ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ പാർട്ടി ചൂണ്ടിക്കാട്ടിയത് ഏറ്റെടുക്കുന്നുവെന്നും അനിൽ കുമാർ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :
പാർട്ടി നിലപാട് ഉയർത്തിപ്പിടിക്കും:
എസ്സൻസ് സമ്മേളനത്തിൽ അവർ ഉന്നയിച്ച ഒരുവിഷയത്തോട് ഞാൻ നടത്തിയ മറുപടിയിൽ പാർടി സംസ്ഥാന സെക്രട്ടറി സ: എം വി ഗോവിന്ദൻ മാസ്റ്റർ നൽകിയ വിശദീകരണം എന്റെ നിലപാടാണു്. കേവല യുക്തിവാദത്തിനെതിരെയും ഫാസിസ്റ്റ് തീവ്രവാദ രാഷ്ട്രീയങ്ങൾക്കെതിരെയും എല്ലാവരേയും അണിനിരത്തേണ്ട സമരത്തിൽ ഒരു മിക്കാൻ പാർട്ടി നൽകിയ വിശദീകരണം വളരെ സഹായിക്കും’ പാർടി ചൂണ്ടിക്കാട്ടിയത് ഒരു കമ്മ്യൂണിസ്റ്റു് കാരനെന്ന നിലയിൽ ഞാൻ ഏറ്റെടുക്കുന്നു.
– അഡ്വ.കെ.അനിൽകുമാർ.
കെ അനിൽകുമാറിന്റെ വിവാദ തട്ടം പരാമർശം തള്ളി സിപിഐഎം രംഗത്ത് വന്നിരുന്നു. അനിൽകുമാറിന്റെ പരാമർശം പാർട്ടി നിലപാടല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. കെ ടി ജലീലും, എ എം ആരിഫ് എംപിയും പരാമർശങ്ങൾക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ചിരുന്നു.
യുക്തിവാദ പ്രചാരകരായ എസ്സൻസ് ഗ്ലോബൽ വേദിയിൽ സംസാരിക്കവെ അനിൽകുമാർ നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് ആധാരം. വിവിധ മുസ്ലിം സംഘടനകൾ രൂക്ഷ വിമർശനമുന്നയിക്കുകയും സമൂഹമാധ്യമങ്ങളിൽ വിവാദം പടരുകയും ചെയ്തതോടെ സിപിഐഎം പ്രതിരോധത്തിലായി. വിവാദം അവസാനിപ്പിക്കാൻ കെ.ടി ജലീൽ ഉടൻ രംഗത്തെത്തി. അനിൽകുമാറിന്റേത് വ്യക്തിപരമായ അഭിപ്രായമെന്ന് വിശദീകരിച്ച് ഫേസ്ബുക്ക് കുറിപ്പ്. എഎം ആരിഫ് എംപി, മാതാവിന്റെ മരണാനന്തര ചടങ്ങ് മതപരമായാണ് നടത്തിയതെന്നും കെ.ടി ജലീൽ ചൂണ്ടിക്കാട്ടി. ഈ പോസ്റ്റ് ഷെയർ ചെയ്ത് എ എം ആരിഫും അനിൽകുമാറിനെ തള്ളുന്ന നിലപാട് വ്യക്തമാക്കി. പിന്നാലെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിവാദ പരാമർശത്തെ തള്ളിപ്പറഞ്ഞത്.