‘2018’ ഇന്ത്യയുടെ ഔദ്യോഗിക എൻട്രി; അതുകൊണ്ടായില്ല, ഓസ്കറിൽ മത്സരിക്കാൻ കടമ്പകൾ ഇങ്ങനെ
2023-ൽ പുറത്തിറങ്ങിയ സിനിമകൾക്കായുള്ള 96-ാമത് അക്കാദമി അവാർഡുകൾ 2024 മാർച്ച് 10-ന് ലോസ് ഏഞ്ചൽസിൽ പ്രഖ്യാപിക്കും. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’ ആണ് ഇന്ത്യയുടെ ഔദ്യോഗിക എൻട്രി. ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ലഭിച്ചത് കൊണ്ട് മാത്രം ഓസ്കറിൽ മത്സരിക്കാനാകുമോ?
ഇല്ല, അതിന് ചില കടമ്പകൾ കൂടി കടക്കണം. വിദേശ ഭാഷാ വിഭാഗത്തിൽ എൻട്രി ലഭിച്ച ചിത്രം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളോട് മത്സരിച്ച് ചുരുക്കപ്പട്ടികയിലും നോമിനേഷനിലും ഇടം നേടിയാൽ മാത്രമേ അക്കാദമി അവാർഡിനായി പരിഗണിക്കപ്പെടൂ.
ചുരുക്കപ്പട്ടികയിൽ ഇടം നേടുന്നതും ചില്ലറ കാര്യമല്ല. വിദേശ ഭാഷാ വിഭാഗത്തിലേക്ക് മത്സരിക്കുന്ന എല്ലാ ചിത്രങ്ങളും ഇംഗ്ലീഷ് സബ്ടൈറ്റിലോടെ അക്കാദമിയിൽ പ്രദർശിപ്പിക്കും. അക്കാദമി അംഗങ്ങളായ എല്ലാവർക്കും ഇഷ്ടപ്പെട്ട അഞ്ച് സിനിമകൾ രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുക്കാം. കൂടുതൽ വോട്ടുകൾ ലഭിക്കുന്ന ഒമ്പത് സിനിമകളാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്.
ഇങ്ങനെ ‘ഷോർട് ലിസ്റ്റ്’ ചെയ്യപ്പെട്ട ചിത്രങ്ങളിൽ നിന്ന് അഞ്ചു ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് 30 പേരടങ്ങുന്ന പ്രത്യേക സമിതിയാണ്. ഈ ചിത്രങ്ങളാണ് ഓസ്കർ നോമിനേഷനായി ‘മികച്ച വിദേശ ചിത്രം’ എന്ന വിഭാഗത്തിൽ മത്സരിക്കുക.
രവി അഞ്ചലിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ ‘ഗുരു'(1997) ആണ് ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ലഭിച്ച ആദ്യ മലയാള ചിത്രം. 2011ൽ സലീം അഹമ്മദിന്റെ ‘ആദാമിന്റെ മകൻ അബുവും’ 2019ൽ ‘ലിജോ ജോസ് പെല്ലിശേരി’ ചിത്രം ജെല്ലിക്കെട്ടും ഇന്ത്യയുടെ ഔദ്യോഗിക എൻട്രികളായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ചുരുക്കപ്പട്ടികയിൽ ഇടം നേടാനായില്ല.
1958ൽ ‘മദർ ഇന്ത്യ’, 1988ൽ ‘സലാം ബോംബെ’, 2011ൽ ‘ലഗാൻ’ എന്നിവയാണ് വിദേശ ഭാഷാ വിഭാഗത്തിൽ നോമിനേഷൻ ചെയ്യപ്പെട്ട ഇന്ത്യൻ ചിത്രങ്ങൾ. 2022ൽ ‘ചെല്ലോ ഷോ’ ഒമ്പത് സിനിമകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു.