ഇന്ത്യയിൽ 100 വർഷത്തിലധികം പഴക്കമുള്ളത് 234 ഡാമുകൾ
ഇന്ത്യയിലെ ഇരുനൂറിലധികം അണക്കെട്ടുകൾക്ക് നൂറിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. അമ്പതു വർഷത്തിനുമേൽ പഴക്കമുള്ള ഏതൊരു ഡാമും സുരക്ഷിതമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇതുവരെയ്ക്കും ഒരു അണക്കെട്ടും ഡീകമ്മീഷൻ ചെയ്യാൻ ഇന്ത്യ തയാറായിട്ടില്ല. ജനങ്ങളുടെ ജീവൻ പന്താടുകയാണോ സർക്കാരുകൾ ? ഇന്ത്യയിൽ നിലവിൽ പ്രവർത്തനക്ഷമമായ 5334 വലിയ അണക്കെട്ടുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതിൽ നൂറിലേറെ വർഷം പഴക്കമുള്ള 234 വലിയ അണക്കെട്ടുകളുണ്ട്. അമ്പതു മുതൽ 100 വർഷം വരെ പഴക്കമുള്ള 1034 പ്രവർത്തനക്ഷമമായ വലിയ അണക്കെട്ടുകളും ഇന്ത്യയിലുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലത്ത് മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി അതിശക്തമായ മഴ അപ്രതീക്ഷിതമായി പലയിടങ്ങളിലും പെയ്തിറങ്ങുന്നുണ്ട്. ഇത്രത്തോളം മഴ പെയ്യാതിരുന്ന കാലഘട്ടത്തിൽ നിർമ്മിച്ച ഈ ഡാമുകളുടെ സ്പിൽവേ ശേഷി കുറവാണെന്നത് ഡാമുകളുടെ സുരക്ഷയെപ്പറ്റി ഉൽകണ്ഠകളുണ്ടാക്കുന്നുണ്ട്. ഇവയുടെ നിർമ്മാണം കനത്ത മഴയെ അതിജീവിക്കുംവിധവുമല്ല.
നൂറു വർഷത്തിലേറെ പഴക്കമുള്ള 63 അണക്കെട്ടുകൾ മധ്യപ്രദേശിലും 44 ഡാമുകൾ മഹാരാഷ്ട്രയിലും 30 ഡാമുകൾ ഗുജറാത്തിലും 25 ഡാമുകൾ രാജസ്ഥാനിലും 21 ഡാമുകൾ തെലുങ്കാനയിലും 17 ഡാമുകൾ ഉത്തരപ്രദേശിലും 15 ഡാമുകൾ കർണാടകയിലും 7 ഡാമുകൾ ഛത്തിസ്ഗഡിലും 6 ഡാമുകൾ ആന്ധ്രയിലും 3 ഡാമുകൾ ഒഡീഷയിലും ഓരോ ഡാമുകൾ വീതം ബീഹാറിലും കേരളത്തിലും തമിഴ്നാട്ടിലുമുണ്ട്.
128 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് പിൽക്കാലത്ത് കോൺക്രീറ്റ് ഉപയോഗിച്ച് ബലപ്പെടുത്തിയെങ്കിലും ഡാമിന്റെ സുരക്ഷ ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. ഹിമാചൽ പ്രദേശിലെ 23 അണക്കെട്ടുകളിൽ 21 എണ്ണം സുരക്ഷാഭീഷണി നേരിടുന്നുവെന്ന് സർക്കാർ ഈ മാസം കണ്ടെത്തിയിരുന്നു.
അമ്പതു വർഷത്തിനുമേൽ പഴക്കമുള്ള ഏതൊരു അണക്കെട്ടും ഉയർന്ന അപകടസാധ്യതയുള്ളതാണെന്നാണ് സൗത്ത് ഏഷ്യ നെറ്റ്വർക്ക് ഓഫ് ഡാംസ്, റിവേഴ്സ് ആന്റ് പീപ്പിളിന്റെ കോഓഡിനേറ്ററായ ഹിമാംശു താക്കർ പറയുന്നത്. ഇന്ത്യയിൽ ഇതുവരേയ്ക്കും ഒരു അണക്കെട്ടും ഡീകമ്മീഷൻ ചെയ്തിട്ടില്ല. ഇന്ത്യയിലെ മുഴുവൻ അണക്കെട്ടുകളുടെയും സുരക്ഷയുടെ കാര്യത്തിൽ സ്വതന്ത്രമായ ഒരു വിശകലനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്. സുരക്ഷയുടെ കാര്യത്തിലുള്ള അലംഭാവത്തിന് വലിയ വില നൽകേണ്ടി വരും.