വരവറിയിച്ച് ടിറ്റസ് സാധു; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ശ്രീലങ്കയെ കെട്ടുകെട്ടിച്ച് ഇന്ത്യൻ വനിതകൾക്ക് സ്വർണം
ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ശ്രീലങ്കയെ കെട്ടുകെട്ടിച്ച് ഇന്ത്യക്ക് സ്വർണം. 19 റൺസിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ മുന്നോട്ടുവച്ച 117 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 97 റൺസ് നേടാനേ സാധിച്ചുള്ളൂ. ഇന്ത്യക്കായി 4 ഓവറിൽ വെറും 6 റൺസ് വിട്ടുനൽകി ടിറ്റസ് സാധു 3 വിക്കറ്റ് വീഴ്ത്തി. 25 റൺസ് നേടിയ ഹാസിനി പെരേരയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ.
18കാരിയായ യുവ പേസർ ടിറ്റസ് സാധുവിൻ്റെ തകർപ്പൻ പ്രകടനം ശ്രീലങ്കയുടെ മുൻ നിരയെ കടപുഴക്കി. അനുഷ്ക സഞ്ജീവനി (1), വിഷ്മി ഗുണരത്നെ (0), അപകടകാരിയായ ക്യാപ്റ്റൻ ചമരി അത്തപ്പട്ടു (12) എന്നിവരെ തൻ്റെ ആദ്യ സ്പെല്ലിൽ തന്നെ സാധു മടക്കി. പിന്നീട്, ഹാസിനി പെരേരയും നിലക്ഷി ഡിസിൽവയും ചേർന്ന് ശ്രീലങ്കയെ മത്സരത്തിലേക്ക് തിരികെ എത്തിക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യ വിട്ടുകൊടുത്തില്ല. കൃത്യമായ ഇടവേളകളിൽ ശ്രീലങ്കയുടെ വിക്കറ്റ് പിഴുത ബൗളർമാർ ഇന്ത്യയെ സുവർണ നേട്ടത്തിലേക്ക് നയിക്കുകയായിരുന്നു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് നേടാനേ സാധിച്ചുള്ളൂ. ഹർമീൻപ്രീത് കൗർ അടക്കം തിരികെയെത്തി കരുത്തുറ്റ ബാറ്റിംഗ് നിരയുമായി എത്തിയ ഇന്ത്യയെ കൗശലത്തോടെയുള്ള ബൗളിംഗിലൂടെ ശ്രീലങ്ക പിടിച്ചുനിർത്തുകയായിരുന്നു. 46 റൺസ് നേടിയ സ്മൃതി മന്ദനയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ജമീമ റോഡ്രിഗസ് 42 റൺസ് നേടി. ശ്രീലങ്കക്കായി ബൗളർമാരെല്ലാം തിളങ്ങി.
ഷഫാലി വർമയെ (9) വേഗം നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ സ്മൃതിയും ജമീമയും ചേർന്ന 73 റൺസ് കൂട്ടുകെട്ട് ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാൽ, ശ്രീലങ്കയുടെ കൃത്യതയാർന്ന ബൗളിംഗ് ഇന്ത്യയുടെ സ്കോറിംഗ് റേറ്റിനെ ബാധിച്ചു. റൺസ് ഉയർത്താൻ ശ്രമിച്ചാണ് മന്ദന മടങ്ങിയത്. പിന്നീട് റിച്ച ഘോഷ് (9), ഹർമൻപ്രീത് കൗർ (2), പൂജ വസ്ട്രാക്കർ (2) എന്നിവരെ ഇന്ത്യക്ക് വേഗം നഷ്ടമായി. അവസാന ഓവറിൽ ജമീമയും (42) പുറത്ത്. ഇതോടെ ഇന്ത്യക്ക് 120 പോലും കടക്കാനായില്ല.