ഏഷ്യൻ ഗെയിംസ്: വനിതാ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയെ വരിഞ്ഞുമുറുക്കി ശ്രീലങ്ക; വിജയലക്ഷ്യം 117 റൺസ്
ഏഷ്യൻ ഗെയിംസ് ഫൈനലിൽ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് 117 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് നേടാനേ സാധിച്ചുള്ളൂ. ഹർമീൻപ്രീത് കൗർ അടക്കം തിരികെയെത്തി കരുത്തുറ്റ ബാറ്റിംഗ് നിരയുമായി എത്തിയ ഇന്ത്യയെ കൗശലത്തോടെയുള്ള ബൗളിംഗിലൂടെ ശ്രീലങ്ക പിടിച്ചുനിർത്തുകയായിരുന്നു. 46 റൺസ് നേടിയ സ്മൃതി മന്ദനയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ജമീമ റോഡ്രിഗസ് 42 റൺസ് നേടി. ശ്രീലങ്കക്കായി ബൗളർമാരെല്ലാം തിളങ്ങി.
ഷഫാലി വർമയെ (9) വേഗം നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ സ്മൃതിയും ജമീമയും ചേർന്ന 73 റൺസ് കൂട്ടുകെട്ട് ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാൽ, ശ്രീലങ്കയുടെ കൃത്യതയാർന്ന ബൗളിംഗ് ഇന്ത്യയുടെ സ്കോറിംഗ് റേറ്റിനെ ബാധിച്ചു. റൺസ് ഉയർത്താൻ ശ്രമിച്ചാണ് മന്ദന മടങ്ങിയത്. പിന്നീട് റിച്ച ഘോഷ് (9), ഹർമൻപ്രീത് കൗർ (2), പൂജ വസ്ട്രാക്കർ (2) എന്നിവരെ ഇന്ത്യക്ക് വേഗം നഷ്ടമായി. അവസാന ഓവറിൽ ജമീമയും (42) പുറത്ത്. ഇതോടെ ഇന്ത്യക്ക് 120 പോലും കടക്കാനായില്ല.