വന്ദേ ഭാരത് ട്രെയിനുകളിലെ ഭക്ഷണത്തെ ചൊല്ലിയുള്ള പരാതികൾ പരിഹരിക്കുന്നതിന് റെയിൽവേ നടപടി
ടിക്കറ്റ് എടുക്കുമ്പോൾ ഭക്ഷണം ബുക്ക് ചെയ്യാത്തവർക്ക് പിന്നീട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഉടൻ നിലവിൽ വരും. വന്ദേ ഭാരത് ട്രെയിനുകളിൽ മറ്റ് ഭക്ഷണ സാധനങ്ങളുടെ വിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്തിയതോടെ, ഭക്ഷണം ബുക്ക് ചെയ്യാത്ത യാത്രക്കാർ ബുദ്ധിമുട്ടിലായിരുന്നു. രാജ്യത്തോടുന്ന വന്ദേ ഭാരത് ട്രെയിനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തെ ചൊല്ലിയുള്ള പരാതികൾ ഉയർന്നതിന് പിന്നാലെയാണ് പരിഹാര നടപടികൾക്ക് റെയിൽവേ തുടക്കം കുറിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്നതനുസരിച്ച് പ്രധാന സ്റ്റേഷനുകളിൽ എത്തിക്കുന്ന ഭക്ഷണമാണ് നിലവിൽ വന്ദേ ഭാതത്തിൽ വിതരണം ചെയ്യുന്നത്. ഈ ഭക്ഷണത്തിൻറെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഐആർസിടിസിക്ക് റെയിൽവേ നിർദേശം നൽകി.
നിലവിൽ വന്ദേ ഭാരതത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പമാണ് ഭക്ഷണവും ബുക്ക് ചെയ്യുന്നത്. ടിക്കറ്റ് എടുത്തപ്പോൾ ഭക്ഷണം വേണ്ടെന്ന് പറഞ്ഞവർക്ക് പിന്നീട് ബുക്ക് ചെയ്യാൻ അവസരമില്ല. യാത്രക്കാരുടെ അസൗകര്യം ഒഴിവാക്കാൻ ആറുമാസത്തേക്ക് വന്ദേ ഭാതത്തിൽ മറ്റു ഭക്ഷണങ്ങൾക്ക് വില്പന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെയാണ് എപ്പോൾ വേണമെങ്കിലും ഭക്ഷണം ബുക്ക് ചെയ്യാവുന്ന സൗകര്യം ആരംഭിക്കുന്നത്. നിലവിൽ മറ്റു ട്രെയിനുകളിൽ ഐആർസിടിസി ആപ്പിനുള്ളിലൂടെ റെയിൽവേ സ്റ്റേഷനിൽ നിന്നും, റെയിൽവേയുമായി സഹകരിക്കുന്ന സ്വകാര്യ കടകളിൽ നിന്നും ഭക്ഷണം ബുക്ക് ചെയ്യാവുന്ന സൗകര്യമുണ്ട്.
സമാനമായി വന്ദേ ഭാതത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത്, യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനു മുമ്പ് ലഭിക്കുന്ന എസ്എംസിലെ ലിങ്ക് ഉപയോഗിച്ച് ഭക്ഷണം ബുക്ക് ചെയ്യാം. ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് കറന്റ് ടിക്കറ്റ് എടുക്കുന്നവർക്കും ഭക്ഷണം ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. എന്നാൽ ഇവർക്ക് വെജിറ്റേറിയൻ ഭക്ഷണം മാത്രമായിരിക്കും ലഭിക്കുക. ഭക്ഷണം ബുക്ക് ചെയ്യാത്തവർക്ക് ലഭ്യത അനുസരിച്ച് ട്രെയിനുള്ളിൽ വച്ചും ഭക്ഷണം നൽകും, എന്നാൽ 50 രൂപ അധികമായി നൽകേണ്ടിവരും. ഈ വിവരങ്ങളിൽ യാത്രക്കാരിലേക്ക് എത്താൻ സ്റ്റേഷനുകൾ അറിയിപ്പായി നൽകാനും റെയിൽവേ നിർദേശിച്ചിട്ടുണ്ട്.