പതിപ്പള്ളി ട്രൈബൽ യു.പി. സ്കൂളിൽ ജൈവവൈവിധ്യ പാർക്ക്
പതിപ്പള്ളി ഗവ. ട്രൈബൽ യു.പി. സ്‌കൂളിൽ പൂർത്തീകരിച്ച ജൈവവൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം ജൈവവൈവിധ്യ ബോർഡ് മെമ്പർ കെ വി ഗോവിന്ദൻ നിർവഹിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ അറക്കുളം ഗ്രാമപഞ്ചായത്തിന്റെയും ബി.എം.സിയുടെയും ആഭിമുഖ്യത്തിലാണ് പാർക്കിന്റെ നിർമ്മാണം . പരിപാടിയിൽ അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് കെ എസ് അധ്യക്ഷത വഹിച്ചു.
പതിപ്പളളിയിലെ ഗോത്രസമൂഹത്തിന്റെ പാരമ്പര്യ നാട്ടറിവ് പ്രയോജനപ്പെടുത്തി പി.ടി.എ. മുൻകൈയെടുത്താണ് അന്യം നിന്ന് പോകുന്ന അപൂർവ്വ ഔഷധ ചെടികൾ, ഫലവൃക്ഷങ്ങൾ, ചെറുധാന്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി പാർക്ക് നിർമ്മിച്ചിട്ടുള്ളത്. പാർക്ക് നിർമ്മാണത്തിനായി ബയോഡൈവേഴ്സിറ്റി ബോർഡ് 5 ലക്ഷം രൂപ അനുവദിച്ചിരുന്നു.
ജില്ലാ പഞ്ചായത്ത് അംഗം പ്രൊഫ. എം.ജെ.ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിൻ്റ് പ്രോഗ്രാം കോർഡിനേറ്റർ ബിൻസ് .സി. തോമസ് പദ്ധതി വിശദീകരണം നടത്തി. ജൈവവൈവിധ്യ ബോർഡ് മെമ്പർ ഡോ. സതീഷ് കുമാർ ലഘുലേഖ പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബി ജോമോൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗീതാ തുളസീധരൻ, പി.എ. വേലുക്കുട്ടൻ, പഞ്ചായത്ത് സെക്രട്ടറി എം.എ സുബൈർ, ബി.എം സി ജില്ലാ കോർഡിനേറ്റർ വി.എസ് അശ്വതി, ജൈവ വൈവിധ്യ സമിതി പഞ്ചായത്ത് കൺവീനർ എ.ടി തോമസ് അഴകൻപറമ്പിൽ, ഉദ്യോഗസ്ഥ പ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.