‘എന്തുകൊണ്ട് അവര്‍ സര്‍വകലാശാലകളെ തേടി വന്നു..?’; എ എ റഹീം

കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനെതിരായ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിൻ്റെ നടപടിക്ക് പിന്നാലെ സംഘപരിവാര്‍ അജണ്ടയ്‌ക്കെതിരെ രാജ്യസഭാംഗം എ എ റഹീം. സിലബസില്‍ വര്‍ഗീയത കലര്‍ത്താനും, ഭാവി തലമുറയെ ശാസ്ത്ര വിരുദ്ധരായി രൂപപ്പെടുത്താനുമാണ് ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സര്‍വകലാശാലകള്‍ പിടിക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ‘എന്തുകൊണ്ട് അവര്‍ സര്‍വകലാശാലകളെ തേടി വന്നു..?’വെന്ന തലക്കെട്ടോട് കൂടിയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
‘ഒന്നാം പിണറായി സര്‍ക്കാര്‍ ഏറ്റവും ശ്രദ്ധയൂന്നിയ ഒരു മേഖല പൊതു വിദ്യാഭ്യാസ മേഖലയായിരുന്നു. നാട്ടിലാകെ ഏവര്‍ക്കും ആ മാറ്റം കാണാം. അന്താരാഷ്ട്ര നിലവാരമുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ ഗ്രാമങ്ങളില്‍ പോലും കാണാം. രണ്ടാം തവണ എല്‍ഡിഎഫ് പ്രകടന പത്രികയില്‍ ഏറ്റവും ഊന്നല്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത് ഉന്നത വിദ്യാഭ്യാസ മേഖലയിലാണ്. സ്‌കൂളുകളില്‍ ആദ്യ സര്‍ക്കാരിന്റെ കാലത്തുണ്ടായ അമ്പരപ്പിക്കുന്ന മാറ്റം ജനങ്ങളെ വലിയ രീതിയില്‍ സ്വാധീനിച്ചു. സമാനമായ മാറ്റം സര്‍ക്കാര്‍ കോളേജുകളിലും സര്‍വകലാശാലകളിലും ഉണ്ടാവുകയും, ജനങ്ങളില്‍ അത് സ്വാധീനവും ചെലുത്തും എന്ന ബിജെപിയുടെ തിരിച്ചറിവാണ് സര്‍വകലാശാലകളില്‍ ഭരണസ്തംഭനം ഉണ്ടാക്കുന്നതിന് പിന്നില്‍’, അദ്ദേഹം പറഞ്ഞു.









































































