ബഹ്റൈന് നേട്ടം; സ്വതന്ത്ര സമ്പദ് വ്യവസ്ഥയുളള രാജ്യങ്ങളുടെ പട്ടികയില്‍ അറബ് ലോകത്ത് ഒന്നാം സ്ഥാനം
മനാമ: സ്വതന്ത്ര സമ്പദ് വ്യവസ്ഥയുളള രാജ്യങ്ങളുടെ പട്ടികയില്‍ അറബ് ലോകത്ത് ബഹ്‌റൈന്‍ വീണ്ടും ഒന്നാം സ്ഥാനത്ത്. ആഗോള തലത്തില്‍ 45-ാം സ്ഥാനവും ബഹ്‌റൈൻ സ്വന്തമാക്കി. ഫ്രേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്ത് വിട്ട 165 രാജ്യങ്ങളുടെ പട്ടികയിലാണ് ബഹ്‌റൈന്റ നേട്ടം വ്യക്തമാക്കുന്നത്.
ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്രേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2023 ലെ ഇക്കണോമിക് ഫ്രീഡം ഓഫ് വേള്‍ഡ് റിപ്പോര്‍ട്ടിലാണ് അറബ് ലോകത്ത് മികച്ച സ്വതന്ത്ര സമ്പദ് വ്യവസ്ഥയുള്ള രാജ്യമെന്ന സ്ഥാനം ബഹ്റൈന്‍ നിലനിര്‍ത്തിയത്. കഴിഞ്ഞ വര്‍ഷവും ഈ അംഗീകാരം ബഹ്‌റൈന്‍ നേടിയിരുന്നു.165 രാജ്യങ്ങളുടെ പട്ടികയാണ് ഫ്രേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ടത്.
വാണിജ്യ സൗഹൃദ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഊന്നല്‍ നല്‍കിയതിനാല്‍ വിദേശികള്‍ക്ക് ഉള്‍പ്പെടെ രാജ്യത്ത് നിക്ഷേപം നടത്താന്‍ സാധിക്കുന്നതായി ഇക്കണോമിക് ഫ്രീഡം ഓഫ് വേള്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഫലപ്രദമായ വ്യവസായ സൗഹൃദ ഇക്കോ സിസ്റ്റമാണ് ബഹ്‌റൈന്‍ പിന്‍തുടരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്ട്ര തലത്തില്‍ വ്യാപാര സ്വാതന്ത്ര്യം ഉള്‍പ്പെടെ അഞ്ച് പ്രധാന മേഖലകളില്‍ മൂന്നെണ്ണത്തിലും ജിസിസിയില്‍ ബഹ്‌റൈന്‍ ഒന്നാമതെത്തി. രാജ്യത്തെ സമ്പദ് വ്യവസ്ഥ കൂടുതല്‍ വികസനത്തിലേക്ക് നീങ്ങുന്നതിന്റെ അടയാളമായി കൂടിയാണ് അന്താരാഷ്ട തലത്തില്‍ രാജ്യം നേടിയ ബഹുമതി വിലയിരുത്തപ്പെടുന്നത്.