നെല്‍വയല്‍ നികത്താന്‍ ശ്രമിച്ചതായി പരാതി
നെടുങ്കണ്ടം: കരുണാപുരം പളിയംകണ്ടത്ത് അനധികൃതമായി നെല്‍വയല്‍ നികത്താന്‍ ശ്രമിച്ചതായി പരാതി. തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതിയിലുള്ള കരുണാപുരം വില്ലേജിലെ സര്‍വേ നമ്പര്‍ 67/1ല്‍ പെട്ട രണ്ടര ഏക്കറോളം വരുന്ന നെല്‍വയലാണ് നികത്താന്‍ ശ്രമിച്ചത്. വയലിന് നടുവില്‍ വലിയ കുളം നിര്‍മിച്ച ശേഷം ഖനനം ചെയ്തെടുത്ത മണ്ണിട്ട് വയല്‍ നികത്താനാണ് ശ്രമം നടന്നത്. സംഭവത്തില്‍ ഉടുമ്പന്‍ചോല തഹസില്‍ദാരുടെ നിര്‍ദേശാനുസരണം കരുണാപുരം വില്ലേജ് ഓഫീസര്‍ സേ്റ്റാപ്പ് മെമ്മോ നല്‍കി. സംഭവത്തില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഉടക്കെതിരെ കേസെടുത്തു. കൂടുതല്‍ നടപടികള്‍ക്കായി തഹസില്‍ദാര്‍ ദേവികുളം സബ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കമ്പം രാമയ്യനഗര്‍ ട്രീസ്റ്റിലെ രാംകുമാറിന്റെ ഭാര്യ ദേവസേനയുടെ പേരിലുള്ള സ്ഥലത്തെ വയലാണ് നികത്താന്‍ ശ്രമിച്ചത്.
ഏലത്തോട്ടത്തിന് നടുവിലുള്ള വയലാണ് നികത്താന്‍ ശ്രമിച്ചത്. പ്രദേശവാസികളാണ് സംഭവം റവന്യൂ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയത്. വയല്‍ നികത്തി ഏലം കൃഷി നടത്താനായിരുന്നു ഉടമയുടെ നീക്കം. അനുമതിയില്ലാതെ വയല്‍ നികുത്തുവാനോ, വയലില്‍ ഖനനം നടത്താനോ പടില്ലായെന്ന നിയമം ലംഘിച്ചാണ് കുളം നിര്‍മിച്ചത്. കുളം നിര്‍മിക്കാനായി നീക്കം ചെയ്ത മണ്ണ് വയലില്‍ പലയിടത്തായി കൂട്ടിയിട്ടിരിക്കുന്നതായും വില്ലേജ് ഓഫീസറുടെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ സബ്കലക്ടര്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ അറിയിച്ചു.