കിസാന്‍ മേളയെ സമ്പന്നമാക്കി കാര്‍ഷിക ഉല്‍പന്ന സ്റ്റാളുകള്‍
പച്ചക്കറി നഴ്സറി മുതല്‍ മൊബൈല്‍ മണ്ണ് പരിശോധന യൂണിറ്റ് വരെ വിവിധ സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ നെടുങ്കണ്ടം ബ്ലോക്ക്തല കിസാന്‍ മേളയില്‍ ഒരുക്കിയ സ്റ്റാളുകള്‍ ജനശ്രദ്ധയാകര്‍ഷിച്ചു. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷം സുരക്ഷിതം 2022-23 ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടിയില്‍ ഏറെ ശ്രദ്ധേയമായത് കാര്‍ഷിക ഉത്പന്ന പ്രദര്‍ശന വിപണന മേളയാണ്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മേളയില്‍ രാജാക്കാട് കൃഷി വകുപ്പിന്റെ സ്റ്റാള്‍ പച്ചക്കറി കൃഷിരീതികള്‍ പരിചയപ്പെടുത്തി. ഒപ്പം കൊതിയൂറുന്ന വിവിധ ഇനം ചക്ക ഉത്പന്നങ്ങളുമുണ്ടായിരുന്നു. കൂടാതെ കാര്‍ഷിക വിളകള്‍ക്കായി സംയോജിത വിള ഇന്‍ഷുറന്‍സ് പദ്ധതികളും വിശദീകരിച്ചു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള സ്‌പൈസസ് ബോര്‍ഡ്, പൊതുമേഖല സ്ഥാപനമായ അഗ്രിക്കള്‍ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യ എന്നിവയിലൂടെ കേരളത്തില്‍ ഏല കൃഷിക്ക് നല്‍കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി, പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതി എന്നിവ പരിചയപ്പെടുത്തുന്നതിന് സജ്ജീകരിച്ച സ്റ്റാളില്‍ വിള ഇന്‍ഷുറന്‍സ് ചെയ്യുന്നതിനും പിഎം കിസ്സാന്‍ ലാന്‍ഡ് വെരിഫിക്കേഷന്‍ ചെയ്യുന്നതിനും ഏര്‍പ്പെടുത്തിയ സൗകര്യം കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായി.
അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമായ ബിഎല്‍എഫ്ഒയുടെ ഹൈടെക് പച്ചക്കറി നഴ്സറിയില്‍ വിവിധ തരം ചൈനീസ് ഇലകള്‍, ഉയര്‍ന്ന ഉല്‍പാദന ശേഷിയുള്ള ഹൈബ്രിഡ് തൈകള്‍, വിത്തുകള്‍ എന്നിവ വാങ്ങാന്‍ തിരക്കേറെയായിരുന്നു. കര്‍ഷകര്‍ക്ക് സൗജന്യമായി മണ്ണ് പരിശോധിക്കുന്നതിന് മൊബൈല്‍ മണ്ണ് പരിശോധന ലാബും മേളയില്‍ സജ്ജീകരിച്ചിരുന്നു.
ഇതിനുപുറമേ സ്വകാര്യ സ്ഥാപനങ്ങളായ കൊല്ലംകുടി അഗ്രോ എഞ്ചിനീയറിങ് കമ്പനി, ക്ലിയര്‍ ടെക് എന്നീ സ്വകാര്യ സ്ഥാപനങ്ങളുടെ കാര്‍ഷിക ഉപകരണങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെ വാങ്ങുന്നതിനുള്ള അവസരവും സ്റ്റാളുകളില്‍ ഒരുക്കിയിരുന്നു. ആപത് ഘട്ടങ്ങളില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ പരിചയപ്പെടുത്തുന്നതിന് അടിമാലി ഫയര്‍ സ്റ്റേഷന്‍ ഒരുക്കിയ സ്റ്റാളും നാട്ടുകാര്‍ക്ക് കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിഞ്ഞു. ഇതോടൊപ്പം വിവിധ സംരംഭകരുടെ തേന്‍, എണ്ണ, തേയില, അച്ചാര്‍ തുടങ്ങിയ ഉല്‍പന്നങ്ങളും മേളയില്‍ വില്‍പനക്കെത്തിയിരുന്നു.