ഏഷ്യാഡിന് പറക്കും മുമ്പെ; ഡയമണ്ട് ലീഗ് ഫൈനലിന് നീരജ് ചോപ്ര
യൂജിൻ: ഒളിംപിക് ലോകചാമ്പ്യൻ നീരജ് ചോപ്ര വീണ്ടും ചരിത്രം കുറിക്കാൻ ഇറങ്ങുന്നു. ഞായർ പുലർച്ചെ ഇന്ത്യൻ സമയം 12.50നാണ് നീരജിന്റെ മത്സരം. ഡയമണ്ട് ലീഗ് ഫൈനലിനാണ് ഇന്ത്യൻ താരമിറങ്ങുന്നത്. ഡയമണ്ട് ലീഗ് ചാമ്പ്യൻഷിപ്പ് നിലനിർത്തുകയാണ് നീരജിന്റെ ലക്ഷ്യം. കഴിഞ്ഞകൊല്ലം സൂറിച്ചിൽ നടന്ന ഡയമണ്ട് ലീഗ് ഫൈനലിൽ 88.44 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞാണ് നീരജ് ചാമ്പ്യനായത്.
ഏഷ്യൻ ഗെയിംസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഡയമണ്ട് ലീഗ് വിജയിച്ച് ആത്മവിശ്വാസം ഉയർത്തുകയാണ് നീരജിന്റെ ലക്ഷ്യം. സീസണിൽ മികച്ച ഫോമിലുള്ള നീരജിന് ഡയമണ്ട് ലീഗ് ചാമ്പ്യൻഷിപ്പ് നിലനിർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. സീസണിൽ ലുസൈൽ ഡയമണ്ട് ലീഗിലും ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും നീരജ് സ്വർണം നേടിയിരുന്നു. പിന്നാലെ നടന്ന സൂറിച്ച് ഡയമണ്ട് ലീഗിൽ നീരജ് വെള്ളിയും സ്വന്തമാക്കി.
നീരജിന്റെ പ്രധാന എതിരാളി പാകിസ്താൻ താരം അർഷാദ് നദീം ഡയമണ്ട് ലീഗ് ഫൈനലിൽ മത്സരിക്കുന്നില്ല. ഏഷ്യൻ ഗെയിംസിൽ നീരജിന് കടുത്ത വെല്ലുവിളി ഉയർത്തുവാനാണ് നദീം ഡയമണ്ട് ലീഗ് ഒഴിവാക്കിയത്. മലയാളി ലോങ്ജംപ് താരം മുരളി ശ്രീശങ്കർ, സ്റ്റീപ്പിൾചേസ് താരം അവിനാഷ് സാബ്‌ലെ എന്നിവരും ഡയമണ്ട് ലീഗ് ഫൈനലിൽ മത്സരിക്കുന്നില്ല. ഏഷ്യൻ ഗെയിംസിന് മികച്ച തയ്യാറെടുപ്പ് നടത്തുകയാണ് ഇരുവരുടെയും ലക്ഷ്യം.