മറയൂര്‍ ചന്ദന ലേലത്തില്‍ 37.22 കോടി രൂപയുടെ വില്‍പന
ഇടുക്കി: ഇടുക്കി മറയൂര്‍ ചന്ദന ലേലത്തില്‍ 37.22 കോടി രൂപയുടെ വില്‍പന. ഓണ്‍ലൈനായി നടന്ന ലേലത്തില്‍ ഒൻപത് സ്ഥാപനങ്ങള്‍ പങ്കെടുത്തു. ഈ വര്‍ഷത്തെ രണ്ടാമത്തെ ലേലമാണിത്.
നാല് ഘട്ടങ്ങളിലായി നടക്കുന്ന ഇ- ലേലത്തില്‍ 169 ലോട്ടുകളിലായി 68.632 ടണ്‍ ചന്ദനമാണ് ലേലത്തില്‍ വച്ചത്. മൂന്ന് സെഷനുകളിലായി 30467.25 കിലോഗ്രാം ചന്ദനം വില്‍പ്പന നടത്തി. ക്ലാസ് ഫോര്‍ ഇനത്തില്‍പ്പെട്ട ഗോട്ടിയ ചന്ദനത്തിന് ഏറ്റവും ഉയര്‍ന്ന വിലയായ 15711 രൂപ ലഭിച്ചു. സാപ്പ് വുഡ് ബില്ലറ്റിന് ലഭിച്ച 225 രൂപയാണ് ഏറ്റവും കുറഞ്ഞ വില. ലേലത്തില്‍ പങ്കെടുത്ത കര്‍ണാടക സോപ്സ് 27 കോടി രൂപയ്ക്ക് 25 .99 ടണ്‍ ചന്ദനമാണ് വാങ്ങിയത്. ജയ്പൂര്‍ സി.എം.ടി ആര്‍ട്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജയ്പൂര്‍ ക്ലൗഡ്സ്, തൃശൂര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷൻ, ഔഷധി,തുടങ്ങിയ സ്ഥാപനങ്ങളും വിവിധ ക്ഷേത്രങ്ങളും ലേലത്തില്‍ പങ്കെടുത്തു.വനം വകുപ്പിൻ്റെ ചന്ദന റിസര്‍വില്‍ ഉണങ്ങി നില്‍ക്കുന്നതും മറിഞ്ഞു വീഴുന്നതുമായ മരങ്ങളാണ് പ്രധാനമായും ലേലത്തില്‍ വെച്ചത്. ചന്ദനക്കടത്തുകാരില്‍ നിന്ന് പിടികൂടുന്ന ഉരുപ്പടികളും ക്ഷേത്രങ്ങള്‍ക്ക് ആവശ്യമായ ചന്ദനത്തടികളും ലേലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ വര്‍ഷത്തെ രണ്ടാമത്തെ ലേലമാണിത്. മാര്‍ച്ചില്‍ നടന്ന ആദ്യ ലേലത്തില്‍ 31 കോടിയുടെ ചന്ദനമാണ് വിറ്റഴിച്ചത്. കൊല്‍ക്കത്ത ആസ്ഥാനമായ മെറ്റല്‍ ആന്‍റ് സ്‌കാര്‍പ്പ് ട്രേഡിങ്ങ് കമ്ബനിക്കാണ് ലേലത്തിൻ്റെ നടത്തിപ്പ് ചുമതല.