കമ്പത്ത് ആനക്കൊമ്പ് പിടികൂടിയ സംഭവുമായി ബന്ധപ്പെട്ട് അതിർത്തിയിലെ തമിഴ്നാട് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർക്കെതിരെ നടപടിയുണ്ടായേക്കും
തേനി (തമിഴ്നാട്): കമ്പത്ത് ആനക്കൊമ്പ് പിടികൂടിയ സംഭവുമായി ബന്ധപ്പെട്ട് അതിർത്തിയിലെ തമിഴ്നാട് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർക്കെതിരെ നടപടിയുണ്ടായേക്കും.പരിശോധന നടത്താതെ ആനക്കൊമ്പുമായി എത്തിയ വാഹനം കടത്തി വിട്ടത് ജീവനക്കാരുടെ ഗുരുതര വീഴ്ചയാണെന്നും നടപടി സ്വീകരിക്കണമെന്നും രഹസ്യാന്വേഷണ വിഭാഗം സർക്കാരിന് റിപ്പോർട്ട് നല്കി. വനം വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതിർത്തിയിൽ തമിഴ്നാട് വനം വകുപ്പിനും പൊലീസിനും പ്രത്യേകം ചെക്കു പോസ്റ്റുകളുണ്ട്.
കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് കടക്കണമെങ്കിൽ ഈ രണ്ട് ചെക്ക് പോസ്റ്റുകളും പിന്നിടണം.എന്നാൽ,ഇവിടെ പരിശോധനകളുണ്ടായിട്ടില്ലെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. അതിർത്തി കടന്ന് ആന കൊമ്പുകൾ എത്തുന്നതായും പരിശോധനകൾ ഊർജ്ജിതപ്പെടുത്താനും ഏതാനും ആഴ്ചകൾക്ക് മുമ്പ് ചെക്കു പോസ്റ്റുകളിൽ നിർദ്ദേശം നല്കിയിരുന്നതായാണ് വിവരം.അതെ സമയം,തമിഴ്നാട് അതിർത്തിയിൽ എത്തണമെങ്കിൽ കേരളത്തിന്റെ ചെക്കു പോസ്റ്റുകൾ മറികടക്കണം.ഇവിടങ്ങളിലും പരിശോധനകളുണ്ടായില്ലെങ്കിലും ജീവനക്കാർക്കെതിരെ അന്വേഷണമില്ലെന്നും ആക്ഷേപമുണ്ട്.
അറസ്റ്റിലായ പ്രതികൾക്ക് ആനക്കൊമ്പുകൾ ലഭിച്ചത് വണ്ടിപ്പെരിയാർ മേഖലയിൽ നിന്നാണെന്ന് സെൻട്രൽ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ കണ്ടെത്തിയതായാണ് അറിയുന്നത്.ഇവർക്ക് ആനക്കൊമ്പുകൾ എത്തിച്ച് നൽകിയതിന് പിന്നിൽ മുൻ കാല ആന വേട്ട സംഘമാണോ എന്ന് പരിശോധിക്കുമെന്ന് ഡബ്ല്യു സി സി ബി ഇൻസ്പെക്ടർ രവീന്ദ്രൻ പറഞ്ഞു.
കേരളത്തില്‍ നിന്നും വൻ തോതിൽ തമിഴ്നാട്ടിലേക്ക് ആനക്കൊമ്പ് കടത്തുന്നതായി സെൻട്രൽ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയ്ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കുമളി – കമ്പം റോഡിലെ അപ്പാച്ചെ ഫാം പരിസരത്ത് ബുധനാഴ്ച നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ ചാക്കില്‍ കെട്ടിയ നിലയില്‍ മൂന്ന് ആനക്കൊമ്പുകളുമായി രണ്ടു യുവാക്കള്‍ പിടിയിലായിരുന്നു. കേരളത്തില്‍ നിന്നും കര്‍ണാടക രജിസ്‌ട്രേഷനിലുള്ള മോട്ടോര്‍ സൈകിളിലാണ് ആനക്കൊമ്പുമായി ഇവര്‍ എത്തിയത്.