നടപ്പാത ഞങ്ങള്‍ക്ക്; നടുറോഡ് നിങ്ങള്‍ക്ക്. തൊടുപുഴ നഗരത്തില്‍ റോഡ് കൈയേറിയുള്ള വാഹന പാര്‍ക്കിങ്ങും വഴിയോര കച്ചവടവും കാല്‍നടക്കാര്‍ക്ക് ദുരിതമാകുന്നു
തൊടുപുഴ: നഗരത്തില്‍ റോഡ് കൈയേറിയുള്ള വാഹന പാര്‍ക്കിങ്ങും വഴിയോര കച്ചവടവും കാല്‍നടക്കാര്‍ക്ക് ദുരിതമാകുന്നു. നഗരത്തിലെ പ്രധാന റോഡുകളിലെ ഫുട്പാത്തുകള്‍ പലതും ഇപ്പോള്‍ ഇവരുടെ പിടിയിലാണ്. ഗാന്ധിസ്‌ക്വയര്‍, നഗരസഭ ഓഫിസിന് മുന്‍വശം, ആദ്യകാല പൊലീസ് സ്‌റ്റേഷന്‍ ഇരുന്ന ഭാഗം എന്നിവിടങ്ങള്‍ ഉള്‍പ്പെടെ നഗരത്തിലെ ഒട്ടുമിക്കയിടങ്ങളിലെയും ഫുട്പാത്തുകള്‍ ഒരുവിധത്തിലും ഉപയോഗിക്കാനാവാത്ത നിലയിലാണ്. ഫുട്പാത്തുകളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് മാറ്റുന്നത്.
കാലങ്ങളായി ശുചീകരിക്കാത്തതുമൂലം മിക്ക ഫുട്പാത്തുകളിലും കാട്ടുചെടികള്‍ പടര്‍ന്നിട്ടുമുണ്ട്. ഫുട്പാത്തുകളായി ഉപയോഗിക്കുന്ന ഓടകള്‍ക്ക് പലയിടത്തും സ്ലാബുകള്‍ ഇല്ലാത്തതും വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്. കാല്‍നടയായി എത്തുന്നവര്‍ പൂര്‍ണമായും തകര്‍ന്നതും ഇരുമ്ബ് കമ്ബിയും മറ്റും ഉയര്‍ന്നുനില്‍ക്കുന്നതുമായ സ്ലാബുകളില്‍ തട്ടിവീഴുന്നതും പതിവാണ്. ചിലയിടങ്ങളില്‍ സ്ലാബുകള്‍ ഇല്ലാത്തതിനാല്‍ ഓടയിലെ മലിനജലം നടപ്പാതയിലേക്ക് കയറിയാണ് ഒഴുകുന്നത്. ഈ ഭാഗങ്ങളിലെത്തുമ്ബോള്‍ യാത്രക്കാര്‍ റോഡിലേക്കോ സമീപത്തെ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലേക്കോ കയറി നടക്കേണ്ട അവസ്ഥയാണ്. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിനും അപകടത്തിനും ഇടയാക്കുന്നുണ്ട്.