കണ്ണോത്ത് മല ജീപ്പ് ദുരന്തത്തിൽ മരിച്ചവർക്ക് ധനസഹായം വൈകുന്നതിൽ താമസിയാതെ തീരുമാനം: പിണറായി വിജയൻ
തിരുവനന്തപുരം: മാനന്തവാടി കണ്ണോത്ത് മല ജീപ്പ് ദുരന്തത്തിൽ മരിച്ചവർക്ക് ധനസഹായം വൈകുന്നതിൽ താമസിയാതെ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. ഒ ആർ കേളു എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ‘മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ധനസഹായം അനുവദിക്കുന്നതു സംബന്ധിച്ച ജില്ലാ കളക്ടറുടെ ശുപാര്‍ശ സര്‍ക്കാരില്‍ ലഭ്യമായിട്ടുണ്ട്. അത് പരിശോധിച്ച് വൈകാതെ തീരുമാനമെടുക്കും’; മുഖ്യമന്ത്രി വ്യക്തമാക്കി.
മാനന്തവാടി കണ്ണോത്ത്മലയില്‍ 25.08.2023-ന് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മക്കിമല ആറാം നമ്പര്‍ കോളനിയിലെ 9 സ്ത്രീകള്‍ ദാരുണമായി മരണപ്പെടുകയുണ്ടായി. അപകടത്തില്‍ 5 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തിര ധനസഹായമായി 10,000/- രൂപ വീതം ജില്ലാ കളക്ടര്‍ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കണ്ണോത്ത്മല ജീപ്പപകടത്തിൽ മരിച്ചവർക്ക് ധനസഹായം വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
ആഗസ്റ്റ് 25നായിരുന്നു വയനാട് തലപ്പുഴ കണ്ണോത്തുമലയില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ മരിച്ചത്. തേയില നുള്ളാനായി പോയി മടങ്ങിയ തൊഴിലാളികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപെട്ടത്. മരിച്ചവരെല്ലാം സ്ത്രീകളാണ്. തോട്ടം തൊഴിലാളികളായ റാണി (57), ശാന്ത (55), ചിന്നമ്മ (60), ലീല (60), ഷാജ (47), റാബിയ (62), കർത്യായനി (65), ശോഭന (55), ചിത്ര (55) എന്നിവരാണ് മരിച്ചത്. ഉമാദേവി (40), ജയന്തി, ലത (38), മോഹന സുന്ദരി, ഡ്രൈവർ മണി എന്നിവർക്കാണ് പരിക്കേറ്റത്.
വാളാട് നിന്ന് തലപ്പുഴയിലേക്ക് വരുമ്പോഴാണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്. 30 മീറ്റർ താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. വളവ് തിരിയുന്നതിനിടെയാണ് ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പാറകള്‍ നിറഞ്ഞ സ്ഥലത്ത് ജീപ്പ് വന്നുപതിച്ചതിനാൽ ജീപ്പ് പൂര്‍ണമായും തകരുകയായിരുന്നു.