ദേശീയപാത വികസനം: അവലോകന യോഗം ചേര്‍ന്നു


ഇടുക്കി ജില്ലയിലെ ദേശീയപാത വികസനം സംബന്ധിച്ച അവലോകന യോഗം ചേര്‍ന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഡീന്‍ കുര്യാക്കോസ് എം പിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ മനോജ് കെ അധ്യക്ഷത വഹിച്ചു. ബോഡിമെട്ട്-മൂന്നാര്‍-കൊച്ചി ദേശീയപാത 85 ന്റെ സ്ഥലം ഏറ്റെടുപ്പ് നടപടികളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും പുരോഗതി യോഗം ചര്‍ച്ച ചെയ്തു. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ലെയ്‌സണ്‍ ഓഫീസര്‍ ഗണേഷ് കെ പി ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ പുരോഗതി വിശദീകരിച്ചു.
ദേശീയപാത കടന്നുപോകുന്ന പ്രദേശങ്ങളില്‍ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള പ്രദേശങ്ങളില്‍ അതിര്‍ത്തി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നിശ്ചിത വീതി ഉറപ്പുവരുത്തുന്നതിന് 10 ദിവസത്തിനുള്ളില്‍ വില്ലേജ് അടിസ്ഥാനത്തില്‍ സ്‌കെച്ച് ശേഖരണം പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ തീരുമാനമായി. വനമേഖലയിലൂടെ കടന്നു പോകുന്ന പാതയ്ക്കായി സ്ഥലം വിട്ടുനല്‍കുന്നത് സംബന്ധിച്ച് വനം വകുപ്പമായി ചര്‍ച്ച നടത്താനും തീരുമാനിച്ചു.
ഇടുക്കിയിലെ ടൂറിസം മേഖലയില്‍ പ്രധാന പങ്ക് വഹിക്കുന്ന മൂന്നാര്‍ പ്രദേശത്തെ മുന്‍നിര്‍ത്തിയുള്ള ജില്ലയുടെ വികസനമാണ് ദേശീയപാത 85 വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ഇത് സാധ്യമായില്ലെങ്കില്‍ അടുത്ത 30 വര്‍ഷത്തേക്ക് ഈ പ്രദേശത്ത് മറ്റൊരു തരത്തിലുമുള്ള വികസനവും പ്രതീക്ഷിക്കാനാകില്ലെന്ന് എം പി പറഞ്ഞു. ഇതിനായി സ്ഥലം ഏറ്റെടുക്കല്‍ സാധ്യമല്ലത്തതുകൊണ്ട് തന്നെ പഞ്ചായത്തുകള്‍ സ്ഥലം കണ്ടെത്തുന്നതുള്‍പ്പടെയുള്ള നടപടികളില്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേര്യമംഗലം വനപാതയില്‍ നിരന്തരം സംഭവിക്കുന്ന അപകടങ്ങള്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. നേര്യമംഗലം പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കണമെന്നും നിര്‍വഹണ ഉദ്യോഗസ്ഥരോട് എംപി ആവശ്യപെട്ടു. അടുത്ത യോഗം സെപ്റ്റംബര്‍ 23 ന് നടത്താന്‍ തീരുമാനിച്ചതായി ഡെപ്യുട്ടി കളക്ടര്‍ അറിയിച്ചു.
അടിമാലി, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, ഇടുക്കി സര്‍വെ ഡെപ്യുട്ടി ഡയറക്ടര്‍, ജില്ലാ സര്‍വെ സൂപ്രണ്ട്, താലൂക്ക് തഹസില്‍ദാര്‍മാര്‍, കെ എസ് ഇ ബി, ബി എസ് എന്‍ എല്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.