‘പുതുപ്പള്ളിയുടെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാം; കൈയെത്തും ദൂരത്ത് ഞാൻ ഉണ്ടാകും’; ചാണ്ടി ഉമ്മൻ


ഇത് അപ്പയുടെ 13-ാം വിജയമെന്ന് ചാണ്ടി ഉമ്മൻ. അപ്പയെ സ്‌നേഹിച്ച പുതുപ്പള്ളിക്കാരുടെ വിജയമാണ്. നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിന് ഞാൻ ഭംഗം വരുത്തില്ല.ജനങ്ങൾ അവരുടെ തീരുമാനം അറിയിച്ചു. വോട്ടർമാരോടുള്ള നന്ദി അറിയിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ജനങ്ങളുടെ വിശ്വാസത്തിന് ഞാൻ ഒരിക്കലും ഭംഗം വരുത്തില്ല. അപ്പയുടെ വികസന തുടർച്ചയ്ക്ക് ഞാനും പുതുപ്പള്ളിക്കൊപ്പം ഉണ്ടാകും. വോട്ടു ചെയ്യാത്തവരും ചെയ്തവരും എനിക്ക് തുല്യരാണ്. പുതുപ്പള്ളിയുടെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാം. കൈയെത്തുന്ന ദൂരത്ത് ഞാൻ ഉണ്ടാകും. 53 വർഷക്കാലം വികസനവും കരുതലുമായി അപ്പ ഉണ്ടായിയുന്നു.താനും അതുപോലെ ഉണ്ടാകും.
സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല, എ കെ ആന്റണി, വി ഡി സതീശൻ,കെ സി വേണുഗോപാൽ,എം പി മാർ യൂത്ത് കോൺഗ്രസ്, ലീഗ് നേതാക്കൾ എന്നിവർക്ക് നന്ദി അറിയിക്കുന്നുവെന്നും ചാണ്ടി കൂട്ടിച്ചേർത്തു.
ഇന്നലെ മുതൽ നാട്ടിൽ നടക്കുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കണം. അമ്പലത്തിന്റെ നടയിൽ വച്ചാണ് സംഘർഷം ഉണ്ടായത്. അത് അവസാനിപ്പിക്കണം. ഞങ്ങളുടെ പ്രവർത്തകരെ കോൺഗ്രസ് സംരക്ഷിക്കുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.