കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് നേരെ ആക്രമണം


കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് നേരെ ആക്രമണം. ആശുപത്രിയിൽ ചികിൽസയ്ക്കെത്തിയ ആൾ സുരക്ഷാ ജീവനക്കാരനെ മർദിച്ചു. കല്ലുകൊണ്ട് തലയ്ക്കടിച്ചായിരുന്നു ആക്രമണം. ഒപി ടിക്കറ്റിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
ഡോ.വന്ദനദാസിന്റെ കൊലപാതകത്തെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സുരക്ഷാ സംഘത്തിലെ ഒരു അംഗമാണ് ഇപ്പോൾ ആക്രമിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. പനിയെന്ന് പറഞ്ഞ് ചികിത്സയ്ക്കെത്തിയയാൾ ആശുപത്രിയിൽ ബഹളം സൃഷ്ടിക്കുകയായിരുന്നു.
ഒപി ടിക്കറ്റിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം. പരിക്കേറ്റ ജിജോ കെ ബേബി ചികിത്സയിലാണ്. കൊട്ടാരക്കര പൊലീസ് പ്രതി സാബുവിനെ അറസ്റ്റ് ചെയ്തു. അക്രമി മാനസിക വൈകല്യമുള്ളയാളാണെന്നാണ് പൊലീസിന്റെ നിഗമനം.