25-ാം വിവാഹ വാർഷിക ദിനത്തിൽ സഹായഹസ്തവുമായി ദമ്പതികൾ.
കട്ടപ്പന: അമ്പലക്കവല വിജയവിലാസത്തിൽ ശിവകുമാർ-ജയ ദമ്പതികളാണ് ഇരുപത്തിയഞ്ചാം വിവാഹ വാർഷിക ദിനത്തിൽ സഹായ ഹസ്തവുമായി മാതൃകയായത്. ആഘോഷ പരിപാടികൾ മാറ്റിവെച്ച് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഫ്രണ്ട്സ് ഓഫ് കേരളയുടെ ഭക്ഷ്യ വിതരണ പദ്ധതിയുമായി ഇവർ സഹകരിക്കുകയായിരുന്നു.അതിഥി ബിൽഡേഴ്സ് ഉടമയായ ശിവകുമാർ, ഭാര്യ ജയ മക്കളായ അഞ്ചലി, ആരാധന, അതിഥി എന്നിവർ സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങളാണ്. വിവാഹ വാർഷികം വിപുലമായി നടത്താനായിരുന്നു തീരുമാനമെങ്കിലും പിന്നീട് ഫ്രണ്ട്സ് ഓഫ് കേരളയുമായി സഹകരിച്ച് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാൻ തീരുമാനിക്കുകയായിരുന്നു. ഫ്രണ്ട്സ് ഓഫ് കേരളയ്ക്ക് വേണ്ടി ഫ്രണ്ട്സ് ഓഫ് കട്ടപ്പന സെക്രട്ടറി രജീഷ്.ടി.രഘു ഭക്ഷ്യ കിറ്റുകൾ ഏറ്റുവാങ്ങി. സുമനസുകളുടെ സഹകരണത്തോടെ ഇതിനോടകം കട്ടപ്പന നഗരസഭയിലും കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഇരട്ടയാർ പഞ്ചായത്തുകളിലുമായി 150 ഓളം ഭക്ഷ്യ കിറ്റുകൾ ഫ്രണ്ട്സ് ഓഫ് കേരളയുടെ നേതൃത്വത്തിൽ വിതരണം ചെയ്തതായി ഭാരവാഹികൾ അറിയിച്ചു