സിപിഐഎം വിട്ടവർക്ക് സിപിഐ അംഗത്വം നൽകാൻ പാർട്ടി ജില്ലാ കൗൺസിലിന്റെ അംഗീകാരം
ആലപ്പുഴ: കുട്ടനാട്ടിൽ സിപിഐഎം വിട്ടു വന്ന 222 പേർക്ക് സിപിഐ അംഗത്വം നൽകാൻ പാർട്ടി ജില്ലാ കൗൺസിലിന്റെ അംഗീകാരം. സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ മന്ത്രി പി പ്രസാദിന്റെ സാന്നിധ്യത്തിൽ ചേർന്ന സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ യോഗത്തിന്റെതാണ് തീരുമാനം. 166 പേർക്ക് പൂർണ അംഗത്വവും 56 പേർക്ക് കാൻഡിഡേറ്റ് അംഗത്വവും നൽകാനാണ് യോഗം തീരുമാനിച്ചത്.
വിഭാഗീയത രൂക്ഷമായതിനെ തുടർന്നാണ് കുട്ടനാട്ടിൽ സിപിഐഎം പ്രവർത്തകർ സിപിഐ അംഗത്വം സ്വീകരിച്ചത്. രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ആർ രാജേന്ദ്ര കുമാർ, അഞ്ച് പഞ്ചായത്ത് അംഗങ്ങൾ രണ്ട് ഏരിയ കമ്മറ്റി അംഗങ്ങൾ, 19 ലോക്കൽ കമ്മറ്റി അംഗങ്ങൾ അടക്കമുള്ളവരാണ് സിപിഐഎം വിട്ടത്. ഇതോടെ രാമങ്കരിയിൽ സിപിഐഎമ്മിന് ഭരണം നഷ്ടമാകും.
കമ്മ്യൂണിസ്റ്റ് മൂല്യം തുടരാൻ കഴിയില്ലെന്ന് മനസിലാക്കിയതോടെയാണ് പാർട്ടി വിടാൻ തയ്യാറായതെന്ന് ആർ രാജേന്ദ്ര കുമാർ അറിയിച്ചു. കുറച്ചു കാലങ്ങളായി തെറ്റിനെതിരെ പോരാടുന്നു. സിപിഐഎം ജില്ലാ നേതൃത്വത്തിന് ഇഷ്ടമില്ലാത്ത ആളുകൾക്ക് നേരെ അച്ചടക്ക നടപടി എടുക്കുകയാെണെന്ന ആരോപണവും രാജേന്ദ്രൻ ഉന്നയിച്ചു.