കനത്ത മഴ; പത്തനംതിട്ടയിൽ റോഡിലേക്ക് വീണ മണ്ണും പാറയും മാറ്റാനുള്ള ശ്രമം തുടരുന്നു


പത്തനംതിട്ട: സീതത്തോട് മുണ്ടൻ പാറയിൽ കനത്ത മഴയിൽ റോഡിലേക്ക് വീണ മണ്ണും പാറയും മാറ്റാനുള്ള ശ്രമം തുടരുന്നു. മുണ്ടൻ പാറയിൽ രണ്ടിടങ്ങളിൽ റബ്ബർ തോട്ടത്തിൽ ഉരുൾപൊട്ടൽ ഉണ്ടായി. സമീപത്തെ തോടുകളിലേക്ക് തീരം ഇടിഞ്ഞുവീണു. മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലയിൽ നിന്നും മാറി താമസിക്കാൻ റവന്യൂ അധികൃതർ ആളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പത്തനംതിട്ടയിലെ കിഴക്കൻ മലയോര മേഖലയിൽ ഇന്നലെ പെയ്ത ശക്തമായ മഴയിലാണ് സീതത്തോട് മുണ്ടൻ പാറയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. സീതത്തോട് ഗുരുനാഥൻ മണ്ണ് റോഡിലേക്കാണ് മണ്ണും പാറയും ഇടിഞ്ഞുവീണത്. ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശവാസികൾ ആശങ്കയോടെയാണ് ഇവിടെ കഴിയുന്നത്.
മുണ്ടൻ പാറയിൽ രണ്ടിടങ്ങളിൽ റബ്ബർ തോട്ടത്തിൽ ഉരുൾപൊട്ടൽ സംഭവിച്ചിട്ടുണ്ട്. സമീപത്തെ തോടുകളിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായിട്ടുണ്ട്. തീരം ഇടിഞ്ഞ് തോട്ടിലേക്ക് വീണു. തോടിന്റെ ഇരുകരകളിലും താമസിക്കുന്നവരും ആശങ്കയിലാണ്.
മണ്ണിടിച്ചിൽ സംഭവിച്ച ഈ മേഖലയിൽ പല വീടുകളും അപകടാവസ്ഥയിലാണ് നിൽക്കുന്നത്. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി നൽകിയിട്ടുണ്ട്.