മഹാരാജാസ് കോളജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവം; വിദ്യാർത്ഥികൾ മാപ്പ് പറഞ്ഞു


മഹാരാജാസ് കോളജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവത്തിൽ കെഎസ്‌യു നേതാവ് അടക്കം 6 വിദ്യാർത്ഥികൾ അധ്യാപകനോട് മാപ്പ് പറഞ്ഞു. വിദ്യാർത്ഥികൾ തെറ്റ് ആവർത്തിക്കില്ലെന്ന് രക്ഷിതാക്കളും ഉറപ്പ് നൽകി. കോളജ് കൗൺസിലിന്റെ നിർദേശപ്രകാരമാണ് വിദ്യാർത്ഥികൾ മാപ്പ് പറഞ്ഞത്. അധ്യാപകനായ ഡോ. പ്രിയേഷിനോടാണ് വിദ്യാർത്ഥികൾ മാപ്പുപറഞ്ഞത്.
അധ്യാപകനെ അപമാനിച്ച വിദ്യാർഥികൾ മാപ്പുപറയണമെന്ന് കോളജ് കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിദ്യാർഥികൾ അധ്യാപകനോട് മാപ്പു പറയാനാണ് നിർദേശിച്ചത്.
ആറു വിദ്യാർഥികളുടെ സസ്പെൻഷൻ കാലാവധി കഴിഞ്ഞ ചൊവ്വാഴ്ച അവസാനിപ്പിച്ചിരുന്നു. തുടർന്നാണ് അക്കാദമിക് കൗൺസിൽ ചേർന്ന് തുടർനടപടി തീരുമാനിച്ചത്. കെ.എസ്.യു യൂനിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ, മുഹമ്മദ് ഫാസിൽ, നന്ദന, രാകേഷ്, പ്രിയദ, ആദിത്യ, ഫാത്തിമ എന്നീ വിദ്യാർഥികളെയാണ് സസ്‌പെൻഡ് ചെയ്തിരുന്നത്. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാർഥികള്‍ അപമാനിച്ചത്. ഇത് വിഡിയോ എടുത്ത് പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതും വിവാദമാകുകയും ചെയ്തത്.
നേരത്തെ ഇതുമായി ബന്ധപ്പെട്ട് പുറത്തുനിന്ന് നടപടിയോ അന്വേഷണമോ വേണ്ടെന്ന് അധ്യാപകൻ നിലപാടെടുത്തിരുന്നു. പരാതിയില്ലെന്ന് അധ്യാപകൻ പൊലീസിനെ അറിയിച്ചതോടെ സംഭവത്തിൽ കേസുമെടുത്തിരുന്നില്ല.