പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ; പരസ്യപ്രചാരണം അവസാനിച്ചു , ഇനി നിശ്ശബ്ദ പ്രചാരണം


കോട്ടയം: ഒരു മാസത്തോളം നീണ്ടുനിന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചു. സ്ഥാനാർത്ഥികളും നേതാക്കളും പ്രവർത്തകരും വലിയ ആവേശപൂർവ്വം ഏറ്റെടുത്ത പ്രചാരണം വൈകിട്ട് ആറ് മണിക്ക് പാമ്പാടിയിൽ വെടിക്കെട്ടോടുകൂടിയാണ് കൊട്ടികലാശിച്ചത്. എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് പാമ്പാടിയിൽ റോഡ‍് ഷോ നടത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്താണ് കൊട്ടിക്കലാശത്തിൽ പങ്കുചേർന്നത്. യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനാകട്ടെ ആഘോഷം ഒഴിവാക്കി പദയാത്ര നടത്തിയാണ് കൊട്ടിക്കലാശത്തിനൊപ്പം ചേർന്നത്. സഹോദരി അച്ചു ഉമ്മനും തൃക്കാക്കര എം എൽ എ ഉമാ തോമസും ചാണ്ടി ഉമ്മന് വേണ്ടി റോഡ് ഷോ നടത്തി. എൻ ഡി എ സ്ഥാനാർത്ഥി ലിജിൻ ലാലും ബി ജെ പി പ്രവർത്തകരും കൊട്ടിക്കലാശത്തിന്‍റെ ആവേശത്തിനൊപ്പം ചേർന്നു.
പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ റോഡ‍് ഷോകളുമായി മൂന്ന് മുന്നണികളുടെയും നേതാക്കൾ പുതുപ്പള്ളിയിൽ ആവേശം അലയടിപ്പിച്ചു. കൊട്ടിക്കലാശം നടന്ന പാമ്പാടിയിലേക്ക് കൊടികളും തോരണങ്ങളുമായി പ്രവർത്തകർ ഒഴുകിയെത്തി. പരസ്യ പ്രചാരണം അവസാനിച്ച ആറ് മണിക്ക് വെടിക്കെട്ടിന്‍റെ ആവേശവും പുതുപ്പള്ളിയിൽ കാണാനായി. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്നതും കൊട്ടിക്കലാശത്തെ ശ്രദ്ധേയമാക്കി. പരസ്യപ്രചാരണം അവസാനിച്ചതോടെ നാളെ പുതുപ്പള്ളിയിൽ നിശ്ശബ്ധ പ്രചാരണത്തിനുള്ള സമയമാണ്. അത് കഴിഞ്ഞ് സെപ്തംബർ അഞ്ചിനാണ് പുതുപ്പള്ളി ജനത ഉമ്മൻ ചാണ്ടിയുടെ പകരക്കാരനാരെന്ന് വിധി എഴുതുക.