ലീഗല്‍ മെട്രോളജി പരിശോധന; ജില്ലയില്‍ 95 വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ നടപടി


മധ്യമേഖലയില്‍ ആകെ നടത്തിയത് 1419 പരിശോധന. ഓണക്കാലത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യമേഖലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ 1419 പരിശോധനകളില്‍ നിയമലംഘനങ്ങള്‍ നടത്തിയ 455 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്ത് 17,74,500 രൂപ പിഴ ഈടാക്കി. ഇടുക്കി ജില്ലയില്‍ 186 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ 95 വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ കേസ് എടുത്ത് 34,3000 രൂപ പിഴയീടാക്കി. ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ജനറല്‍ മേരി ഫാന്‍സി പി.എക്‌സ്, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഉദയന്‍ കെ.കെ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് സ്‌ക്വാഡുകളായാണ് ജില്ലയിലെ എല്ലാ താലൂക്കുകളിലും പരിശോധന നടത്തിയത്.
ലീഗല്‍ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത ഉല്‍പ്പന്ന പായ്കറ്റുകള്‍ വില്‍പ്പനയ്ക്ക് വെച്ച ബേക്കറികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, സ്റ്റേഷനറി കടകള്‍, ഇലക്ട്രോണിക്സ് ഉപകരണ വില്‍പന കേന്ദ്രങ്ങള്‍, ഓണച്ചന്തകള്‍, റേഷന്‍ പൊതുവിതരണ കേന്ദ്രങ്ങള്‍ എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ 70 കേസുകളും യഥാസമയം മുദ്ര പതിപ്പിക്കാതെ അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് വിവിധ വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ 277 കേസുകളും, അമിത വില, വിലതിരുത്തല്‍ എന്നിവ നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ 8 കേസുകളും പായ്ക്കര്‍ രജിസ്ട്രേഷന്‍ ഇല്ലാത്തത് സംബന്ധിച്ച് 50 കേസുകളും, അളവിലും തൂക്കത്തിലും കുറവ് വരുത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ 15 കേസുകളും മറ്റു ലീഗല്‍ മെട്രോളജി നിയമലംഘനങ്ങള്‍ സംബന്ധിച്ച് 35 കേസുകളും മധ്യമേഖലയില്‍ കണ്ടെത്തി. തുടര്‍ന്ന് ഈ സ്ഥാപനങ്ങളില്‍ നിന്നും 17,74,500 രൂപ പിഴ ഇനത്തില്‍ ഈടാക്കിയതായി ലീഗല്‍ മെട്രോളജി വകുപ്പ് മധ്യമേഖല ജോയിന്റ് കണ്‍ട്രോളര്‍ ജെ. സി ജീസണ്‍ അറിയിച്ചു.
മുദ്ര പതിക്കാത്ത അളവു തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്പന നടത്തുക, നിര്‍മ്മാതാവിന്റെ വിലാസം, ഉല്പന്നം പായ്ക്ക് ചെയ്ത തീയതി, ഉല്പന്നത്തിന്റെ തനി തൂക്കം, പരമാവധി വില്പന വില, കസ്റ്റമര്‍ കെയര്‍ നമ്പര്‍, ഇ- മെയില്‍ ഐ ഡി എന്നിവ ഇല്ലാത്ത ഉല്പന്ന പായ്ക്കറ്റുകള്‍ വില്പന നടത്തുക, എം.ആര്‍.പി യേക്കാള്‍ അധിക വില ഈടാക്കുക, എം.ആര്‍.പി തിരുത്തുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഓഗസ്റ്റ് 17-ന് ആരംഭിച്ച സ്‌ക്വാഡുകളുടെ പരിശോധനയിലാണ് ഇത്രയും കേസുകള്‍ കണ്ടെത്തിയത്. പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇടുക്കിയിലെ പരിശോധനയ്ക്ക് അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഷിന്റോ എബ്രാഹം, ഇന്‍സ്പെക്ടര്‍മാരായ എല്‍ദോ ജോര്‍ജ്, അബ്ദുള്ള എം.എ എന്നിവര്‍ നേതൃത്വം നല്‍കി. എം.എസ് സനില്‍ കുമാര്‍ സി.എസ് ,അനില്‍ കുമാര്‍ സി.വി , അനീഷ് കുമാര്‍ കെ.എസ്, ബഷീര്‍ .വി. മുഹമ്മദ് ,ഹരീഷ് കെ എന്നിവര്‍ പങ്കെടുത്തു. വിനോദ് കുമാര്‍ ഇ, നിഷാദ് കെ.ഡി, ബിമല്‍ എസ്, സഫിയ എം എന്നിവര്‍ എറണാകുളം ജില്ലയിലും, മനോജ് കുമാര്‍ എസ്.വി, അനൂപ് വി ഉമേഷ് എന്നിവര്‍ തൃശൂര്‍ ജില്ലയിലും, സേവ്യര്‍ പി ഇഗ്നേഷ്യസ്, ശശികല എ.സി എന്നിവര്‍ പാലക്കാട് ജില്ലയിലും പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.