‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ഗുണവും ദോഷവും
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ബിജെപി ആവശ്യം വീണ്ടും ചർച്ചയാകുന്നു. നയവുമായി മുന്നോട്ട് പോകാനാണ് കേന്ദ്രത്തിൻ്റെ നീക്കം. ഇതിനായി ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിനുള്ള സാധ്യതകളെ കുറിച്ച് പഠിക്കുവാൻ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ സമിതി രൂപീകരിച്ചു. ഒപ്പം ഇതുമായി ബന്ധപ്പെട്ടുള്ള ബില്‍ സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ സ്വാധീനം നേടിത്തുടങ്ങിയതോടെ ബിജെപി നേതാവ് എല്‍.കെ അദ്വാനിയാണ് ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആവശ്യം ആദ്യമായി ഉയര്‍ത്തിക്കൊണ്ടുവന്നത്. 2014 ലെ ബിജെപിയുടെ പ്രകടനപത്രികയിലും ഈ ആശയം ഉൾപ്പെട്ടു. 2020 നവംബറില്‍ നടന്ന എണ്‍പതാം ഓള്‍ ഇന്ത്യ പ്രിസൈഡിംഗ് ഓഫീസേഴ്സ് കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന അജണ്ട ആവർത്തിച്ചു. 2019 ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷവും മോദി ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ആശയം പലവട്ടം ഉയർത്തി.
എന്താണ് ‘ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്’?
നിലവില്‍ ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അതത് രീതിയിൽ കാലാവധി പൂർത്തിയാവുന്ന മുറയ്ക്കാണ് നടക്കുന്നത്. ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തിന് കീഴിൽ, ലോക്സഭയിലേക്കും എല്ലാ സംസ്ഥാന നിയമസഭകളിലേക്കും വോട്ടിങ് ഒരു ദിവസം തന്നെ നടക്കും. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം പലതവണ ഉയർന്നുവന്നിട്ടുള്ളതാണ് മാത്രമല്ല ഇന്ത്യൻ നിയമ കമ്മീഷന്‍ വിഷയവുമായി ബന്ധപ്പെട്ട് പഠനവും നടത്തിയിരുന്നു.
ഗുണങ്ങൾ
തെരഞ്ഞെടുപ്പ് ചെലവ് കുറയുമെന്നതാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന്റെ’ പ്രധാന ഗുണം. റിപ്പോർട്ടുകൾ പ്രകാരം 60,000 കോടി രൂപയോളമാണ് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനായി ചെലവായത്. രാഷ്ട്രീയ പാർട്ടികൾ ചെലവഴിച്ചതും, ഇലക്ഷൻ നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ചെലവഴിച്ചതും ഈ തുകയിൽ ഉൾപ്പെടുന്നു. ഭരണ സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുമെന്നതാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തെ അനുകൂലിക്കുന്നവർ ഉയർത്തിക്കാട്ടുന്ന രണ്ടാമത്തെ ഗുണം.
ഉദ്യോഗസ്ഥർ പോളിംഗ് ഡ്യൂട്ടികളിൽ ഏർപ്പെടുന്നതിനാൽ സാധാരണ ഭരണപരമായ ചുമതലകളെ തെരഞ്ഞെടുപ്പുകൾ ബാധിക്കാറുണ്ട്. എന്നാൽ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നിലവിൽ വരുന്നതോടെ ഇത് ഒഴിവാകുന്നു. മാത്രമല്ല, സമയം ലാഭിക്കുകയും ചെയ്യുന്നു. നിലവിൽ, തെരഞ്ഞെടുപ്പ് നടക്കുമ്പോൾ മാതൃകാ പെരുമാറ്റച്ചട്ടം ഏർപ്പെടുത്തുകയും, ആ കാലയളവിലെ പൊതുജനക്ഷേമ പദ്ധതികൾ ആരംഭിക്കുന്നത് വിലക്കുകയും ചെയ്യുന്നു.
എന്നാൽ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങളിലും പരിപാടികളിലും തുടർച്ച ഉറപ്പാക്കാൻ സഹായകമാകും. കൂടാതെ, ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നത് വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുമെന്നാണ് മറ്റൊരു വിലയിരുത്തൽ.
പോരായ്മകൾ
സംസ്ഥാന നിയമസഭകളുടെ കാലാവധിയും കേന്ദ്രത്തിന്റെ കാലാവധിയും സമന്വയിപ്പിക്കുന്നതിന് ഭരണഘടനാ ഭേദഗതികൾ ആവശ്യമാണ്. കൂടാതെ, ജനപ്രാതിനിധ്യ നിയമവും മറ്റ് പാർലമെന്ററി നടപടിക്രമങ്ങളും ഭേദഗതി ചെയ്യേണ്ടതുണ്ട്. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ആശയത്തിന് കീഴിൽ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ദേശീയ പ്രശ്നങ്ങൾ മാത്രമാവും ചർച്ചാവിഷയമാവുക. പ്രാദേശിക പ്രശ്‌നങ്ങൾ ശക്തമായി ഉന്നയിക്കാൻ കഴിയില്ലെന്നും പ്രാദേശിക പാർട്ടികൾ ഉന്നയിക്കുന്നു.
തെരഞ്ഞെടുപ്പ് ചെലവുകളുടെയും തന്ത്രങ്ങളുടെയും കാര്യത്തിൽ ദേശീയ പാർട്ടികൾക്കൊപ്പം ഓടിയെത്താൻ പ്രാദേശിക പാർട്ടികൾക്ക് കഴിയില്ല എന്നതാണ് മറ്റൊരു വസ്തുത. കൂടാതെ, 2015-ൽ IDFC ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു പഠനത്തിൽ, ഒരേസമയം തെരഞ്ഞെടുപ്പ് നടന്നാൽ, സംസ്ഥാന നിയമസഭയിലും ലോക്സഭയിലും വിജയിക്കുന്ന രാഷ്ട്രീയ പാർട്ടിയെയോ സഖ്യത്തെയോ വോട്ടർമാർ വീണ്ടും തെരഞ്ഞെടുക്കാൻ 77 ശതമാനം സാധ്യതയുണ്ടെന്ന് കണ്ടെത്തി.
ആറ് മാസത്തെ ഇടവേളയിൽ തെരഞ്ഞെടുപ്പ് നടന്നാൽ, 61 ശതമാനം വോട്ടർമാർ മാത്രമേ ഒരേ പാർട്ടിയെ തെരഞ്ഞെടുക്കൂ എന്നും പഠനം പറയുന്നു. രാജ്യത്തിന്റെ ഫെഡറലിസത്തിന് ഒരേസമയം തെരഞ്ഞെടുപ്പുകൾ വെല്ലുവിളിയാണെന്നും ഭയമുണ്ട്.
1967 വരെ രാജ്യത്ത് ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചായിരുന്നു നടന്നിരുന്നത്. പിന്നീട് ചില സംസ്ഥാനങ്ങളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയപ്പോഴാണ് ഇതിന് മാറ്റം വന്നത്. തെരഞ്ഞെടുപ്പ് ഒരുമിച്ച് നടന്ന 1950 കളിലും 60 കളിലും കുറഞ്ഞ സംസ്ഥാനങ്ങളും ജനസംഖ്യയുമായിരുന്നു ഉണ്ടായിരുന്നത്.