ഇടുക്കിക്കാര്‍ക്ക് ഇത് ഇരട്ടിമധുരം;മലയോരത്തിന്റെ കരുത്തുമായി രാധാകൃഷ്ണന്‍
Author:സൂര്യലാല്‍ കട്ടപ്പന
കട്ടപ്പന: ദേവസ്വം വകുപ്പ് ഇത്തവണ ചേലക്കരയില്‍ നിന്നുള്ള എം.എല്‍.എ കെ.രാധാകൃഷ്ണന്‍ ഏറ്റെടുക്കുമ്പോള്‍ ഇടുക്കിക്കാര്‍ക്കും ഇത് ഇരട്ടിമധുരം. പുള്ളിക്കാനം എസേ്റ്ററ്റില്‍ ജനിച്ചുവളര്‍ന്ന രാധാകൃഷ്ണന്റെ വളര്‍ച്ച മലയോര ജനതക്കും അഭിമാനമാണ്. എസേ്റ്ററ്റിലെ തൊഴിലാളികളായ കൊച്ചുണ്ണി-ചിന്ന ദമ്പതികളുടെ മകനായ രാധാകൃഷ്ണന്റെ ജനനവും ബാല്യകാലവും പുള്ളിക്കാനം എസേ്റ്ററ്റിലായിരുന്നു. പിതാവ് കൊച്ചുണ്ണിയെ സംസ്‌കരിച്ച എസേ്റ്ററ്റില്‍ എല്ലാവര്‍ഷവും രാധാകൃഷ്ണന്‍ എത്താറുണ്ട്.
ഇവിടെ നിരവധി പരിചയക്കാരും സൗഹൃദ വലയവും രാധാകൃഷ്ണനുണ്ട്. പുള്ളിക്കാനം സെന്റ് തോമസ് എല്‍.പി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തിക്കൊണ്ടിരിക്കെ വീട്ടിലെ സാമ്പത്തിക പരാധീനത മൂലം പിതാവിന്റെ സഹോദരിയാണ് രാധാകൃഷ്ണനെ ചേലക്കരയിലേക്ക് കൊണ്ടുപോയത്. ബിരുദ പഠനത്തിന് ശേഷം ഏതാനും മാസങ്ങള്‍ രാധാകൃഷ്ണന്‍ എസേ്റ്ററ്റില്‍ തിരികെയെത്തി തൊഴില്‍ ചെയ്തിരുന്നു.1996-ല്‍ നായനാര്‍ മന്ത്രിസഭയില്‍ പിന്നോക്ക ക്ഷേമന്ത്രിയായ കെ.രാധാകൃഷ്ണന്‍ നിലവില്‍ സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവും ദളിത് ശോഷന്‍ മുക്തി മഞ്ച് അഖിലേന്ത്യ പ്രസിഡന്റുമാണ്. 2001, 2006, 2011 കാലത്തും ചേലക്കരയുടെ എം.എല്‍.എ ആയ രാധാകൃഷ്ണന്‍ 2001-ല്‍ ചീഫ് വിപ്പും 2006-ല്‍ നിയമസഭാ സ്പീക്കറുമായിരുന്നു. 2016-ല്‍ മത്സരിച്ചില്ലെങ്കിലും ഇത്തവണ വീണ്ടും നറുക്ക് വീഴുകയായിരുന്നു.
വനത്തില്‍ ഒറ്റപ്പെട്ടു ജീവിച്ചിരുന്ന ഇടമലക്കുടി ജനതയുടെ ദുരിതം അധികാരികളുടെ മുന്നില്‍ എത്തിച്ചത് കെ.രാധാകൃഷ്ണന്റെ 2008-ലെ ഇടമലക്കുടി സന്ദര്‍ശനമായിരുന്നു.സ്പീക്കറായിരുന്ന രാധാകൃഷ്ണനൊപ്പം അന്നത്തെ ഇടുക്കി കലക്ടര്‍ അശോക് കുമാര്‍ സിങ്ങും ഉണ്ടായിരുന്നു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ പ്രഥമ ഗോത്രവര്‍ഗ പഞ്ചായത്തായി ഇടമലക്കുടിയെ പ്രഖ്യാപിച്ചത്. സൗജന്യ റേഷന്‍ അരി അക്കാലത്ത് കിലോയ്ക്ക് പത്തര രൂപ വീതം ചുമട്ടുകൂലി നല്‍കിയാണ് ഇടമലക്കുടിയിലെത്തിച്ചിരുന്നത്. ഈ തുക സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കാന്‍ തീരുമാനിച്ചതും കെ.രാധാകൃഷ്ണന്റെ ഇടപെടല്‍ മൂലമായിരുന്നു. രാധാകൃഷ്ണന്‍ വീണ്ടും മന്ത്രിയാകുമ്പോഴുള്ള സന്തോഷം അതുകൊണ്ടുതന്നെ മലയോരജതയുടേതുകൂടിയാണ്.