‘പരിഗണിച്ചത് അക്കാദമിക് താത്പര്യം മാത്രം’; കെ.കെ ശൈലജയുടെ ആത്മകഥ സിലബസിൽ ഉൾപ്പെടുത്തിയതിനെ ന്യായീകരിച്ച് അഡ്‌ഹോക്ക് കമ്മിറ്റി
കെ.കെ ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാല എം.എ ഇംഗ്ലീഷ് സിലബസിൽ ഉൾപ്പെടുത്തിയതിനെ ന്യായീകരിച്ച് അഡ്‌ഹോക്ക് കമ്മിറ്റി. ആത്മകഥയിലെ അക്കാദമിക് താൽപര്യം മാത്രമാണ് പരിഗണിച്ചതെന്നാണ് അഡ്‌ഹോക് കമ്മിറ്റിയുടെ വിശദീകരണം. വിഷയത്തിൽ കോടതിയെ സമീപിക്കാനാണ് അധ്യാപക സംഘടനയായ കെ.പി.സി.ടി.എ യുടെ തീരുമാനം. കെ.കെ ശൈലജയുടെ ആത്മകഥ സിലബസിൽ ഉൾപ്പെടുത്തിയതിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കാണ് സിലബസ് പരിഷ്‌കരിച്ച അഡ്‌ഹോക്ക് മറുപടി നൽകിയത്. പഠന വിഷയങ്ങളിലെ രാഷ്ട്രീയ വത്കരണമാണെന്ന ആരോപണം പൂർണമായി തള്ളി. ആത്മകഥയിലെ രാഷ്ട്രീയമല്ല, അക്കാദമിക്ക് താല്പര്യങ്ങൾ മാത്രമാണ് പരിഗണിച്ചതെന്ന് അഡ്‌ഹോക്ക് കമ്മിറ്റി കൺവീനർ ബിജു എൻ.സി ട്വന്റി ഫോറിനോട് പറഞ്ഞു
വിഷയത്തിൽ നിയമ നടപടിക്കൊപ്പം പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ നീക്കം. നിയമ വിരുദ്ധമായി രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയെ പിരിച്ചുവിടണമെന്ന ആവശ്യവുമായി കെ.പി.സി.ടി. എ കോടതിയെ സമീപിക്കും. അതേസമയം ആത്മകഥ സിലബസിൽ ഉൾപ്പെടുത്തിയതിൽ കെ കെ ശൈലജ തന്നെ സർവകലാശാലയെ വിയോജിപ്പ് അറിയിച്ചിരുന്നു. അഡ്‌ഹോക്ക് കമ്മിറ്റി ന്യായീകരിച്ച് രംഗത്തുവന്നെങ്കിലും അക്കാദമിക് കൗൺസിൽ ചേർന്ന് തീരുമാനം പുനപരിശോധിക്കുമെന്നാണ് സൂചന.