ഇനി എല്ലാം മുകളിൽ നിന്ന് കാണും; വീഴ്ചയും ക്രമക്കേടും കണ്ടെത്താൻ ഡ്രോൺ പറന്നുവരും; തൊഴിലുറപ്പ് ജോലി നിരീക്ഷിക്കുന്നതിന് കേന്ദ്ര നിർദേശം..!


▫️തൊഴിലുറപ്പ് ജോലി നിരീക്ഷിക്കുന്നതിന് ഡ്രോൺ പറത്താൻ നിർദേശിച്ച് കേന്ദ്ര സർക്കാർ. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നടക്കുന്ന ജോലിയുടെ ദൈനംദിന നിരീക്ഷണത്തിനും ക്രമക്കേടും വീഴ്ചകളും തടയാനുമാണ് ഡ്രോൺ പറത്താൻ നിർദേശം.
അതേസമയം കേരളമുൾപ്പെടെയുളള തെക്കൻ സംസ്ഥാനങ്ങൾക്ക് പദ്ധതി ബാധകമാവില്ലെന്നാണ് നിലവിലെ വിലയിരുത്തൽ. രാജ്യത്താകെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓൺലൈൻ ഹാജർ ഏർപ്പെടുത്തിയിരുന്നതിന് പിന്നാലെയാണ് ഡ്രോണുകളുടെ നിരീക്ഷണം ഏർപ്പെടുത്താൻ പോകുന്നത്.
ജോലി തുടങ്ങുമ്പോഴും തുടരുമ്പോഴുമുളള ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ഡ്രോൺ ശേഖരിക്കും. പൂർത്തിയായ ജോലികളുടെ പരിശോധന, അവ എത്രത്തോളം കാര്യക്ഷമവും ഫലപ്രദവുമാണ് തുടങ്ങിയ പരിശോധനയും ഡ്രോൺ വഴി നടത്തും.
21.88 ലക്ഷം സജീവ തൊഴിൽ കാർഡുളള കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേട് കുറവാണെന്നതിനാലാണ് ഡ്രോൺ പറത്തേണ്ട സാഹചര്യമില്ലെന്ന വിലയിരുത്തൽ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രവർത്തനങ്ങളിൽ കേരളം വളരെ മുമ്പിലാണ്.
ഡ്രോൺ ഉപയോഗത്തിന്റെ കാര്യത്തിൽ കേരളം പ്രായോഗിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയേക്കും. രാവിലെ തൊഴിലുറപ്പ് ജോലിതുടങ്ങുമ്പോഴും തീരുമ്പോഴും ചിത്രമെടുത്ത് മൊബൈൽ ആപ്പിൽ അയക്കുന്നതും നിലവിലുണ്ട്. ഓരോ ദിവസവും നിശ്ചിതജോലി പൂർത്തിയാക്കിയില്ലെങ്കിൽ ശമ്പളത്തിൽ കുറവുണ്ടാകും. ഇതിനൊക്കെ പുറമേയാണ് ഡ്രോൺ നിരീക്ഷണം വരുന്നത്.