‘അതിഥിയായെത്തി സിനിമ മൊത്തത്തിൽ അങ്ങ് തൂക്കും’; ‘മാത്യൂ’ മോഹൻലാലിൻറെ ഓണ സമ്മാനമോ?; അറിയാം ലാലേട്ടന്റെ ഗസ്‌റ്റ് റോളുകൾ


റീലിസ് ദിവസം മുതൽ രജനികാന്ത് ചിത്രം ‘ജയിലര്‍’ വമ്പൻ കളക്ഷനുമായി ഹിറ്റുകൾ മറികടക്കുകയാണ്. ചിത്രം ഇപ്പോൾ 500 കോടിയിലേക്ക് ഉടൻ എത്തുമെന്നാണ് റിപ്പോർട്ടുകൾ. രജനികാന്തിന്റെ നായക വേഷത്തോടൊപ്പം തന്നെ മോഹൻലാലിന്റെ ഗസ്റ്റ് റോളും ആരാധകർക്കിടയിൽ വലിയ ആവേശം ഉണ്ടാക്കി.’മാത്യൂ’ എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ ചിത്രത്തിലെത്തിയത്.
ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ് മാത്യു എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്നത്. എഴുപതുകളിലെയും എണ്‍പതുകളിലെയും ഒരു ഡോണ്‍ ലുക്കാണ് വേണ്ടതെന്ന് മോഹന്‍ലാല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെന്ന് മോഹന്‍ലാലിന്റെ സ്‌റ്റൈലിറ്റ് പറഞ്ഞിരുന്നു.
സ്‌റ്റൈലിഷ് ലുക്കിൽ മോഹൻലാലിനെ അവതരിപ്പിച്ച പ്രൊമോ വീഡിയോ ഇറങ്ങിയത് മുതൽ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ജയിലറിലെ തന്റെ കഥാപാത്രം വളരെ രസകരമാണെന്ന് മോഹൻലാൽ പറഞ്ഞിരുന്നു.
ഇതാദ്യമായല്ല മോഹൻലാൽ കാമിയോ (അതിഥി വേഷം) റോളിൽ ഒരു ചിത്രത്തിലെത്തുന്നത്. നിരവധി ചിത്രങ്ങളിൽ ഇത്തരത്തിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം. ഇവയെല്ലാം തന്നെ വമ്പൻ ഹിറ്റ് നേടിയ ചിത്രങ്ങളുമായിരുന്നു. മോഹൻലാൽ അതിഥി വേഷത്തിലെത്തുമ്പോൾ അതുവരെ ചിത്രത്തിൽ നിറഞ്ഞുനിന്ന താരങ്ങളെയെല്ലാം പിന്നിലാക്കി സ്കോർ ചെയ്യുന്നത് ലാൽ തന്നെയായിരിക്കും. മോഹൻലാൽ അവിസ്മരണീയമാക്കിയ ചില അതിഥി വേഷങ്ങൾ അറിയാം.
സമ്മർ ഇൻ ബത്‌ലഹേം
ഡെന്നീസ് (സുരേഷ് ഗോപി), അഭിരാമി (മഞ്ജു വാര്യർ) എന്നിവരുടെ കഥ പറയുന്ന ചിത്രത്തിൽ ക്ലൈമാക്സ് രംഗത്താണ് മോഹൻലാൽ എത്തുന്നത്. വധശിക്ഷയ്ക്കായി കാത്തിരിക്കുന്ന നിരഞ്ജൻ എന്ന കൊലക്കേസ് പ്രതിയുടെ വേഷമാണ് താരം അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരുടെ കഥാപാത്രത്തിൻറെ കാമുകൻ ആയിട്ടാണ് നിരഞ്ജൻ എത്തുന്നത്. നിരഞ്ജനെ അവസാനമായി കാണാൻ അഭിരാമി എത്തുമ്പോൾ തന്നെ മറന്ന് ഡെന്നിസിനൊപ്പം പുതിയ ജീവിതം ആരംഭിക്കാൻ മോഹൻലാലിന്റെ കഥാപാത്രം അഭിരാമിയെ ഉപദേശിക്കുന്നു. തന്റെ മുൻകാല ചെയ്തികളിൽ പശ്ചാത്തപിക്കുന്ന ഒരാളായാണ് മോഹൻലാലിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സമ്മർ ഇൻ ബത്‌ലഹേമിൽ ജയറാം, കലാഭവൻ മണി, ജനാർദ്ദനൻ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു
കായംകുളം കൊച്ചുണ്ണി
നിവിൻ പോളി ടൈറ്റിൽ റോളിൽ എത്തിയ ചിത്രമായ കായംകുളം കൊച്ചുണ്ണിയുടെ പ്രധാന ഹൈലൈറ്റുകളിലൊന്ന് മോഹൻലാലിന്റെ ഇൻട്രൊഡക്ഷൻ സീനാണ്. കായംകുളം കൊച്ചുണ്ണിയുടെ കഥ പറയുന്ന സിനിമയിൽ ഇത്തിക്കര പക്കിയുടെ വേഷമാണ് മോഹൻലാൽ ചെയ്തത്. ഇത്തിക്കര പക്കിയെന്ന കഥാപാത്രത്തെ മോഹൻലാൽ അവിസ്മരണീയമാക്കി. കൊച്ചുണ്ണിയെ പക്കി പരിശീലിപ്പിക്കുന്ന രംഗങ്ങൾ വളരെ മനോഹരമാണ്. ബോബി സഞ്ജയ് തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തത് റോഷൻ ആൻഡ്രൂസ് ആണ്.
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ
ഒരു പ്യൂണിന്റെയും സമ്പന്നയായ യുവതിയുടെയും പ്രണയകഥയാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന ചിത്രം പറയുന്നത്. ഇവരുടെ ബന്ധത്തെ നായികയുടെ സഹോദരന്മാർ ശക്തമായി എതിർക്കുന്നു. ജയറാമും പാർവതിയുമാണ് ചിത്രത്തിൽ നായികാനായരന്മാരായെത്തുന്നത്. രഞ്ജിത്തിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രത്തിൽ ജഗതി, മാമുക്കോയ, ജഗദീഷ്, കെപിഎസി ലളിത, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും പ്രേക്ഷകർ കാണാൻ ഇഷ്ടപ്പെടുന്ന ചിത്രമാണിത്. ക്ലൈമാക്‌സിൽ നായികാനായകന്മാരെ രക്ഷിക്കാൻ വരുന്ന സിംഗപ്പൂർ വ്യവസായിയായ അച്ചു എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്.
ഉന്നതങ്ങളിൽ
റോബിൻ തിരുമലയെഴുതി ജോമോൻ സംവിധാനം ചെയ്ത് 2001ൽ റിലീസ് ചെയ്ത ചിത്രമാണ് ഉന്നതങ്ങളിൽ. ലാൽ, മനോജ് കെ. ജയൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മോഹൻലാൽ ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
മനു അങ്കിൾ
ചിത്രത്തിൽ മോഹൻലാലിന്റെ ഒരു രസകരമായ അതിഥി വേഷമായിരുന്നു. ചിത്രത്തിലെ രണ്ട് സീക്വൻസുകളിൽ അദ്ദേഹം സ്വയം പ്രത്യക്ഷപ്പെട്ടു. ചിത്രത്തിലെ കുട്ടി കഥാപാത്രങ്ങളുമായുള്ള മോഹൻലാലിന്റെ രസകരമായ സംവേദന സീക്വൻസുകൾ ഇന്നും പ്രേക്ഷകർ ഓർക്കുന്നു.
കടൽ കടന്നൊരു മാത്തുക്കുട്ടി
സിനിമയിൽ നിരവധി പ്രമുഖ താരങ്ങൾ അതിഥി വേഷത്തിൽ എത്തിയിരുന്നു. മോഹൻലാലും അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. 5 മിനിറ്റിൽ താഴെ മാത്രമാണ് അദ്ദേഹം സിനിമയിൽ കണ്ടത്, പക്ഷേ മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള കോമ്പിനേഷൻ സീക്വൻസുകൾ ഇപ്പോഴും കാണാൻ രസമാണ്.
കൂതറ
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് കൂതറ. വിവിധ ശ്രമങ്ങൾ നടത്തിയിട്ടും തുടർച്ചയായ പരാജയങ്ങൾ നേരിട്ട മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഒടുവിൽ, ഉസ്താദ് സല്ലി എന്ന മത്സ്യത്തൊഴിലാളിയിൽ നിന്നും ഒരു മത്സ്യബന്ധന ബോട്ട് വാങ്ങുന്നു. എന്നാൽ ബോട്ടിന് തങ്ങൾ നൽകിയ തുകയുടെ വിലയില്ലെന്നും ഉസ്താദ് കബളിപ്പിച്ചതാണെന്നും അവർ പിന്നീട് മനസ്സിലാക്കുന്നു. പരുക്കനായ ഒരു കഥാപാത്രമാണ് ഉസ്താദ് സള്ളി. ഈ കഥാപാത്രത്തെ മോഹൻലാൽ ഭംഗിയായി കൈകാര്യം ചെയ്തു. ടൊവിനോ തോമസ്, ഭരത്, സണ്ണി വെയ്ൻ എന്നിവരാണ് കൂതറയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
മോഹന്‍ലാല്‍ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ചെയ്യാനുള്ള ആഗ്രഹമാണ് തനിക്കുള്ളതെന്ന് ജയിലർ സംവിധായകൻ നെൽസൺ വ്യകത്മാക്കിയിരുന്നു. ജയിലര്‍ റിലീസിന് പിന്നാലെ ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് നെല്‍സണ്‍ ഇതേക്കുറിച്ച് പറയുന്നത്. റാപ്പിഡ് ഫയര്‍ ചോദ്യങ്ങളുടെ ഭാഗമായി താന്‍ പേര് പറയുന്ന ആളുകളോട് ഇപ്പോള്‍ ചോദിക്കാന്‍ തോന്നുന്നത് എന്താണെന്ന് പറയണമെന്നായിരുന്നു അഭിമുഖകാരിയുടെ ആവശ്യം. തുടര്‍ന്ന് മോഹന്‍ലാലിന്‍റെ പേരാണ് ആദ്യം പറഞ്ഞത്.
അദ്ദേഹത്തോട് പറയാനുള്ളതൊക്കെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു നെല്‍സന്‍റെ ആദ്യ പ്രതികരണം. അതില്‍ ഒരു കാര്യം പറയാമോ എന്ന് ചോദിച്ചപ്പോഴുള്ള അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെ- “ഫുള്‍ ഫ്ലഡ്‍ജ്ഡ് ആയി അദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹം”, നെല്‍സണ്‍ പറഞ്ഞു.
ഇതുപോലുള്ള കാമിയോ റോളുകൾ ഇനിയും പ്രതീക്ഷിക്കാമെന്നത്തിന് തെളിവാണ് മോഹൻലാൽ അവതരിപ്പിച്ച ജയിലറിലെ മാത്യു. ഷൂട്ടിങ് ആംരംഭിച്ചതും ചർച്ചകൾ നടക്കുന്നതുമായ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഇനിയും മോഹൻലാൽ എന്ന നടനിൽ നിന്നും പ്രതീക്ഷിക്കാം.