നിയന്ത്രണങ്ങളിലേക്ക് കടക്കാൻ വൈദ്യുതി ബോർഡ്; അന്തിമ തീരുമാനം ഈ മാസം 21 ന്


സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ നിയന്ത്രണങ്ങളിലേക്ക് കടക്കാൻ വൈദ്യുതി ബോർഡ്. ഈ മാസം 21 ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. നിയന്ത്രണം ഉൾപ്പെടെയുള്ളവയിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമാകും തീരുമാനം.
വൈദ്യുതി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു. പ്രതിസന്ധിയുടെ കാര്യങ്ങൾ ഈ മാസം 21 ന് ബോർഡ് യോഗം വീണ്ടും ചർച്ച ചെയ്യും. വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപയോഗം കുറയ്ക്കണം.
വൈദ്യുതി ഉപയോഗവും ഓരോ ദിവസവും വർധിക്കുകയാണ്. ഇന്നലെ സംസ്ഥാനത്ത് ഉപയോഗിച്ചത് 83.96 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. വേനൽക്കാലത്തെ ഉപയോഗത്തിന് സമാനമായ ഉപയോഗമാണ് ഇപ്പോഴുള്ളത്. കമ്പനികളുമായി ഉണ്ടാക്കിയ കരാർ ഈ മാസം 21ന് അവസാനിക്കുന്നതോടെ ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങേണ്ടി വരും. ഇല്ലെങ്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മാത്രമേ മുന്നോട്ട് പോകാൻ കഴിയുകയള്ളൂ.