ലിവിങ് ടുഗദറിൽ പീഡനമുണ്ടായാൽ, സ്ത്രീകൾക്ക് ഗാർഹിക പീഡന നിയമപ്രകാരം കേസ് ഫയൽ ചെയ്യാം; ഹൈക്കോടതി
ലിവിങ് ടുഗദർ ബന്ധത്തിലും സ്ത്രീകൾക്ക് ഗാർഹിക പീഡന നിയമപ്രകാരം കേസ് ഫയൽ ചെയ്യാമെന്ന് ഹൈക്കോടതി. കൂടെ താമസിക്കുന്ന പുരുഷനിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള പീഡനമുണ്ടായാൽ സ്ത്രീക്ക് ഗാർഹിക പീഡന നിയമപ്രകാരമുള്ള നടപടികളുമായി മുന്നോട്ടു പോകാമെന്നാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, പി.ജി അജിത്ത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റെ നിരീക്ഷണം.
രണ്ട് വ്യക്തികൾ പരസ്പര സമ്മതത്തോടെ, നിശ്ചിത കാലഘട്ടത്തിൽ, ഭൗതിക സൗകര്യങ്ങൾ പങ്കുവച്ച്, വിവാഹം മൂലമോ അല്ലാതെയെ ബന്ധം പുലർത്തുന്നതിനെയാണ് ഗാർഹിക ബന്ധമായി നിർവചിക്കുന്നത്. ഗാർഹിക പീഡന നിയമത്തിലാണ് ഇത്തരത്തിലുള്ള നിർവചനമുള്ളത്. അക്കാരണത്താൽ നിയമപരമായി വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവരിൽ സ്ത്രീക്ക് പുരുഷനിൽ നിന്നും പീഡനമേൽക്കേണ്ടി വന്നാൽ, ഗാർഹിക പീഡന നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് കോടതിയുടെ വിലയിരുത്തൽ.
വിവാഹത്തിനു സമാനമായ രീതിയിൽ ബന്ധം തുടരുന്ന സ്ത്രീക്ക് ഗാർഹിക പീഡന നിയമത്തിലെ പന്ത്രണ്ടാം വകുപ്പ് പ്രകാരം നിയമനടപടി സ്വീകരിക്കാൻ കഴിയും. മുംബൈയിൽ താമസക്കാരനായ വിനീത് ഗണേഷ് നൽകിയ അപ്പീലിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ഗാർഹിക പീഡന നിയമപ്രകാരമുള്ള കേസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും കുടുംബ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു അപ്പീൽ. പങ്കാളിയ്ക്കെതിരെ നൽകിയ പരാതി, അയാളുടെ ആവശ്യപ്രകാരം കോടതി മാറ്റുന്നത്, സ്ത്രീയെ ദോഷകരമായി ബാധിക്കുമെന്നും കോടതി വിലയിരുത്തി. തുടർന്ന് ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളുകയായിരുന്നു.