‘ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറക്കിയാൽ സഞ്ജു നേട്ടം കൊയ്യും’; സാബ കരീം
ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറക്കിയാൽ മലയാളി താരം സഞ്ജു സാംസൺ കൂടുതൽ നന്നായി കളിക്കുമെന്ന് ഇന്ത്യയുടെ മുൻ വിക്കറ്റ് കീപ്പർ ബാറ്റർ സാബ കരീം. എക്സ് ആപ്പിലെ ഒരു പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുൻ ക്യാപ്റ്റൻ എംഎസ് ധോണിയെ ഉദാഹരിച്ചാണ് സാബ കരീമിൻ്റെ നിരീക്ഷണം.
‘ധോണി ആദ്ദേഹത്തിന്റെ അഞ്ചാമത്തെ ഇന്നിങ്സിൽ 148 റൺസ് നേടിയതോടെ പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മാസങ്ങൾക്കകം 183 റൺസ് കൂടി നേടിയതോടെ ടീമിലെ സ്ഥാനം ഉറപ്പിച്ചു. വിൻഡീസിനെതിരായ മൂന്നാം ഏകദിനം സഞ്ജുവിന് മികച്ച അവസരമായിരുന്നു. എന്നാൽ അത്തരമൊരു ഇന്നിങ്സ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല’- വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ സഞ്ജുവിൻ്റെ പ്രകടനം വിലയിരുത്തി ഒരു ആരാധകൻ കുറിച്ചു. ഇതിന് മറുപടിയായി സാബ കരീം ഇങ്ങനെ കുറിച്ചു: ‘അംഗീകരിക്കുന്നു. എന്തുകൊണ്ട് സഞ്ജുവിനെ നേരത്തെ ഇറക്കുന്നില്ല. സൗരവ് ഗാംഗുലി ധോണിയെ ടോപ് ഓർഡറിൽ ബാറ്റിങ്ങിനിറക്കിയത് നിർണായകമായി.
ടി-20യിൽ അത്ര നല്ല പ്രകടനങ്ങളല്ലെങ്കിലും ഏകദിനത്തിൽ സഞ്ജുവിന് തകർപ്പൻ റെക്കോർഡുകളാണ് ഉള്ളത്. 12 ഏകദിനങ്ങളിൽ 55.71 ശരാശരിയിൽ 391 റൺസാണ് സഞ്ജുവിനുള്ളത്. മൂന്ന് ഫിഫ്റ്റിയും ഏകദിനത്തിലുണ്ട്. 104 ആണ് സ്ട്രൈക്ക് റേറ്റ്. ഇത്ര നല്ല റെക്കോർഡുകൾ ഉണ്ടായിട്ടും സഞ്ജുവിനെ തഴഞ്ഞ് മറ്റ് പലർക്കും ഏകദിനത്തിൽ അവസരം നൽകുന്നതിനെതിരെ പലപ്പോഴും ആരാധകർ രംഗത്തുവന്നിട്ടുണ്ട്.