സനിജ ഇനി ഓർമ; സംസ്‌കാരമേറ്റെടുത്ത് ഡിവൈഎഫ്‌ഐ
കട്ടപ്പന:സനിജയുടെ സംസ്‌കാരമേറ്റെടുത്ത് ഡിവൈഎഫ്‌ഐ. കോവിഡ് ബാധിച്ച് മരിച്ച മാട്ടുക്കട്ട ഗാന്ധിനഗർ വരവുകാലായിൽ ജോജോയുടെ ഭാര്യ സനിജയുടെ സംസ്‌കാരമാണ് ഡിവൈഎഫ്‌ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയത്. മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകി പത്താം ദിവസമാണ് കോവിഡ് ബാധിച്ച് സനിജയുടെ ദാരുണാന്ത്യം. ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് സനിജ കുഞ്ഞിന് ജന്മം നൽകിയത്. പിന്നീട് ന്യൂമോണിയ മൂർച്ഛിച്ചതോടെ പത്താംനാൾ യുവതി മരണത്തിന് കീഴടങ്ങി. സനിജയുടെ അമ്മ ജെസി ഏഴ് ദിവസംമുമ്പാണ് കോവിഡ് ബാധിച്ച് മരിച്ചത്. ജെസിക്ക് പിന്നാലെ സനിജയും യാത്രയായതോടെ കുടുംബത്തിന് തീരാവേദനയായി. ഇടുക്കി മെഡിക്കൽ കോളേജിൽനിന്ന് കൊണ്ടുവന്ന മൃതദേഹം ഉച്ചയോടെ കട്ടപ്പന ശാന്തിതീരം ശ്‌മശാനത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഏറ്റുവാങ്ങി. നഗരസഭയിൽ സംസ്‌കാരത്തിന് പണമടച്ചതുൾപ്പെടെ എല്ലാ ഏർപ്പാടുകളും ചെയ്‌തത് ഡിവൈഎഫ്‌ഐയായിരുന്നു.
ബ്ലോക്ക് ബ്ലൊക്ക് സെക്രട്ടറി ജിബിൻ മാത്യു, ട്രഷറർ ഏബി മാത്യു, മേഖലാ കമ്മിറ്റി സെക്രട്ടറി ഫൈസൽ ജാഫർ എന്നിവർ പിപിഇ കിറ്റ് അണിഞ്ഞാണ് സംസ്‌കാരം നടത്തിയത്. മുൻ ജില്ലാ പ്രസിഡന്റ് കെ പി സുമോദ്, അജിത്ത് ജോസഫ്, ലിജോ ജോസ്, നിയാസ് അബു എന്നിവരും സംസ്‌കാരത്തിന് നേതൃത്വം നൽകി. അന്തിമോപചാരം അർപ്പിക്കാ ഭർത്താവ് ജോജോയും രണ്ട് മക്കളും ബന്ധുക്കളും എത്തിയിരുന്നു. ഇവരുടെ കണ്ണീർ ശാന്തിതീരത്തെ മൂകമാക്കി. സനിജയുടെ പ്രസവ ശുശ്രുഷയ്ക്കായി രണ്ടാഴ് മുമ്പ് ജെസി മാട്ടുക്കട്ടയിൽ എത്തിയിരുന്നു. ഈ സമയത്ത് സനിജയുടെ ഭർതൃമാതാവിന് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ജെസിയും സനിജയും കട്ടപ്പന കല്ലുകുന്നിലുള്ള സഹോദരന്റെ വീട്ടിലേക്ക് മാറിയിരുന്നു. ഇവിടെവച്ചാണ് ഇരുവരും രോഗബാധിതരായത്. കുഞ്ഞിന് രോഗമില്ല.