കെെവിടില്ല,കൂടെയുണ്ട്;കരുതലുമായി സി.പി.എം
കട്ടപ്പന:മഹാമാരിയിലും ദുരിതപ്പെയ്‌ത്തിലും നാടൊന്നാകെ പ്രതിസന്ധിയിലാകുമ്പോൾ കരുതലിന്റെ പുതുചരിത്രം തീർക്കുകയാണ് സി.പി.ഐ.എം കട്ടപ്പന ഏരിയ കമ്മിറ്റി. ലോക്ഡൗൺ നിയന്ത്രണങ്ങൾ എല്ലാ മേഖലയിലും പ്രതിസന്ധി തീർക്കുമ്പോഴും കരുതലിന്റെ കിറ്റുമായാണ് പ്രവർത്തകർ ജനങ്ങൾക്കിടയിലേക്ക് എത്തുന്നത്. തോട്ടങ്ങളിലടക്കം തൊഴിൽ ഇല്ലാതായി, നഗരസഭ പരിധിയിൽ നൂറുകണക്കിന് കോവിഡ് രോഗികളാണുള്ളത്. ഇരട്ടയിലധികം സമ്പർക്കവിലക്കിൽ കഴിയുന്നവരും. ഇവർക്ക് പുറത്തുപോയി സാധനങ്ങൾ വാങ്ങാനോ കഴിയില്ല.ഇത്തരത്തിൽ കഴിയുന്നർക്ക് കെെത്താങ്ങുമായാണ് സിപിഐഎം മുന്നേട്ടുവന്നത്. ഓരോ മേഖലയിലും കിറ്റുകൾ നൽകേണ്ടവരുടെ പട്ടിക ബ്രാഞ്ചുകൾ ശേഖരിച്ച് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. നഗരസഭ ഏരിയയിലെ ഓരോ വാർഡ് കമ്മിറ്റിയിലെയും കോവിഡ് പോസിറ്റീവായ രോഗികളുള്ള വീടുകൾ, സമ്പർക്കവിലക്കിൽ കഴിയുന്നവർ, ഒറ്റപ്പെട്ട് കഴിയുന്നവർ, ആശ്രിതരില്ലാത്തവർ, ലോക്ഡൗൺ മൂലം പണിയില്ലാത്തവർ, കിടപ്പുരോഗികൾ എന്നിവർക്കാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. ആദ്യപടിയായി പലവ്യഞ്ജനങ്ങളും പച്ചക്കറികളും അടങ്ങിയ 500 കിറ്റുകൾ വിതരണം ചെയ്‌തു.സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ.എസ് മോഹനൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർക്ക് കിറ്റ് കെെമാറി ഉദ്ഘാടനംചെയ്‌തു. ഏരിയ സെക്രട്ടറി വി.ആർ സജി, ഏരിയ കമ്മിറ്റിയംഗം എം.സി ബിജു, ടോമി ജോർജ്, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എസ്.എസ് പാൽരാജ്, കെ.എൻ വിനീഷ്‌കുമാർ, പി.വി സുരേഷ്, ലിജോബി ബേബി എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടക്കുന്നത്