സ്വപ്ന നേട്ടത്തിലേക്ക് ഇനി അധിക ദൂരമില്ല ; സോഫ്റ്റ് ലാൻഡിങ്ങിലേക്ക് അടുത്ത് ചന്ദ്രയാൻ 3, ആദ്യ ദൃശ്യങ്ങൾ പുറത്ത് വിട്ടു


ശ്രീഹരിക്കോട്ട: ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങ് നടത്തുകയെന്ന വലിയ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ചന്ദ്രയാൻ മൂന്ന്. ആദ്യഘട്ട ചാന്ദ്ര ഭ്രമണപഥ താഴ്ത്തൽ ഇന്നലെ രാത്രി പൂർത്തിയായി. പേടകത്തിൽ നിന്നുള്ള ആദ്യ ദൃശ്യങ്ങളും ഇന്നലെ ഇസ്രൊ പുറത്തുവിട്ടു. സ്വപ്ന നേട്ടത്തിലേക്ക് ഇനി അധിക ദൂരമില്ലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ആഗസ്റ്റ് അഞ്ചിന് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് പേടകത്തിലെ ക്യാമറകൾ ചന്ദ്രനെ ഇങ്ങനെ ഒപ്പിയെടുത്തത്. മിഴിവേറിയ കാഴ്ചകൾ ഇനി വരാനിരിക്കുന്നതേ ഉള്ളൂ.
ആദ്യ ഭ്രമണപഥ താഴ്ത്തലിന് ശേഷം ചന്ദ്രനിൽ നിന്ന് നിന്ന് 170 കിലോമീറ്റർ അടുത്ത ദൂരവും 4313 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് പേടകമുള്ളത്. അടുത്ത ഭ്രമണപഥ താഴ്ത്തൽ ആഗസ്റ്റ് ഒന്പതിന് നടക്കും. ഉച്ചയ്ക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയിലായിരിക്കും ഇത്. ആഗസ്റ്റ് പതിനാലിനും പതിനാറിനും ആയിരിക്കും ഇതിന് ശേഷമുള്ള താഴ്ത്തൽ പ്രക്രിയകൾ.
ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിലുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിച്ച ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടുക. ആഗസ്റ്റ് 17നായിരിക്കും ഈ നിർണായക ഘട്ടം നടക്കുക. പ്രൊപ്പൽഷൻ മൊഡ്യൂൾ നേരത്തെയുള്ള ഭ്രമണപഥത്തിൽ തുടരും. ലാൻഡർ ചന്ദ്രനിൽ നിന്ന് മുപ്പത് കിലോമീറ്റർ അടുത്ത ദൂരവും, നൂറ് കിലോമീറ്റർ അടുത്ത ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലേക്ക് മാറും. ഇവിടുന്നാണ് സോഫ്റ്റ് ലാൻഡിങ്ങിനായുള്ള ഒരുക്കങ്ങൾ തുടങ്ങുക. പേടകത്തിന്റെ കാലുകൾ ചന്ദ്രനിൽ തൊടുന്ന ദിവസത്തിനായി രാജ്യം കാത്തിരിക്കുകയാണ്.