ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടി കായികതാരങ്ങള്‍
തൊടുപുഴ: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടി ദേശീയ, അന്തര്‍ദേശീയ കായിക താരങ്ങള്‍. തൊടുപുഴ ജില്ലാ ആശുപത്രിയിലെ സ്പോര്‍ട്സ് ആയുര്‍വേദ റിസര്‍ച്ച് സെല്ലിലാണ് താരങ്ങള്‍ ചികിത്സയ്ക്കായി എത്തിയത്. തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ സ്പോര്‍ട്സ് സെല്ലില്‍ ലഭിക്കുന്ന മികച്ച ചികിത്സയെക്കുറിച്ച് കേട്ടറിഞ്ഞാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കായിക താരങ്ങള്‍ ഇവിടെയെത്തിയത്. ഏഴു കായിക താരങ്ങളാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നത്.
അന്തര്‍ദേശീയ കായിക താരങ്ങളായ സുസ്മിത, കാവേരി പാട്ടില്‍ എന്നിവര്‍ ബംഗളുരു സ്വദേശികളാണ്. അഞ്ജു ബോബി ജോര്‍ജ് സ്പോര്‍ട്സ് അക്കാദമിയിലെ താരങ്ങളാണ് ഇരുവരും. ലോംഗ് ജംപില്‍ മെഡല്‍ ജേതാവായ സുസ്മിത നടുവിനുള്ള വേദനയെത്തുടര്‍ന്നാണ് ചികിത്സയ്ക്കായി എത്തിയത്. അത്‌ലറ്റിക്സില്‍ മെഡല്‍ നേടിയിട്ടുള്ള കാവേരി പാട്ടീലിന് മസില്‍ വേദനയ്ക്കാണ് ചികിത്സ നല്‍കുന്നത്.
ഗുജറാത്തില്‍നിന്നുള്ള അനില്‍ ബൊംബാനിയ അത്‌ലറ്റില്‍ ദേശീയ മെഡല്‍ ജേതാവാണ്. കാല്‍പ്പാദത്തിനാണ് അനിലിന് പരിക്കേറ്റത്.
പത്തനംതിട്ട സ്വദേശി ഗ്രേസണ്‍ സാം ഫുട്ബോള്‍ താരമാണ്. നടുവേദനയ്ക്കാണ് ഗ്രേസണ്‍ ചികിത്സ തേടുന്നത്. അത്‌ലറ്റിക്സില്‍ സംസ്ഥാന ടീമിലേക്ക് സെലക്‌ഷൻ ലഭിച്ച കെ. നന്ദകിഷോര്‍ ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശിയാണ്. മസില്‍ വേദനയ്ക്കായാണ് ചികിത്സ തേടുന്നത്. ക്രിക്കറ്റില്‍ യൂണിവേഴ്സിറ്റി താരവും രാജാക്കാട് സ്വദേശിയുമായ ആദിനാഥ് സതീശന് തോളെല്ലിനേറ്റ പരിക്കിനും കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് താരമായ സന്ധ്യ സജീവ് കാല്‍മുട്ടിനേറ്റ പരിക്കിനുമായാണ് ചികിത്സക്കെത്തിയത്. കരാട്ടേ ചാന്പ്യൻഷിപ്പുകളില്‍ ജേതാവാണ് തൊടുപുഴ സ്വദേശിനിയായ സന്ധ്യ സജീവ്.
ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ. ജ്യോതി, സ്പോര്‍ട്സ് ആയുര്‍വേദിക് സെല്‍ കണ്‍വീനര്‍ ഡോ. ആര്‍. വിനീത്, മെഡിക്കല്‍ ഓഫീസര്‍ ഡോ. അനുപ്രിയ പി. മണി എന്നിവരുടെ നേതൃത്വത്തിലാണ് ഇവര്‍ക്ക് ചികിത്സ നല്‍കുന്നത്.