സാമൂഹികവിരുദ്ധർ കാർ അടിച്ചുതകർത്തതായി പരാതി
നെടുങ്കണ്ടം : വഴിയിൽ പാർക്കുചെയ്തിരുന്ന കാർ സാമൂഹിക വിരുദ്ധർ അടിച്ചുതകർത്തതായി പരാതി. പുഷ്പക്കണ്ടം സ്വദേശി തെറ്റാലിക്കൽ ജയ്മോന്റെ കാറാണ് ശനിയാഴ്ച രാത്രിയിൽ അടിച്ചുതകർത്തത്. കാറിലുണ്ടായിരുന്ന 20,000 രൂപയും നഷ്ടപ്പെട്ടു. ജയ്മോന്റെ വീട്ടിലേക്ക് വാഹനമെത്തിക്കാൻ സൗകര്യമില്ലാത്തതിനാൽ വഴിയിലാണ് പാർക്കുചെയ്തിരുന്നത്.
ഞായറാഴ്ച രാവിലെയാണ് വാഹനം തകർത്തത് ശ്രദ്ധയിൽപ്പെട്ടത്. കാറിന്റെ എല്ലാവശത്തെയും ചില്ലുകൾ അടിച്ചുതകർത്ത നിലയിലാണ്. ഏലത്തട്ട വാങ്ങുന്നതിനായി സൂക്ഷിച്ചിരുന്ന 20,000 രൂപയാണ് കാണാതായതെന്ന് ജയ്മോൻ പറഞ്ഞു.
മുമ്പ് ഇവരുടെ സ്ഥലത്തുള്ള ഷെഡ്ഡിനുനേരേയും ആക്രമണം നടന്നിരുന്നു. വൈദ്യുതി കണക്ഷൻ ഉൾപ്പടെയുള്ളവ നശിപ്പിച്ചിരുന്നു.
പ്രദേശത്ത് ചാരായവാറ്റും സമൂഹവിരുദ്ധ പ്രവർത്തനങ്ങളും പതിവാണെന്നും ഇത്തരക്കാരാണ് വാഹനം തകർത്തതെന്നും ജയ്മോൻ ആരോപിച്ചു. ഇയാളുടെ പരാതിയെത്തുടർന്ന് നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.