നാട്ടുവാര്‍ത്തകള്‍
കാലവർഷക്കെടുതി: ദേശീയപാതയിലെ അപകടസാധ്യതയുള്ള മരങ്ങൾ വനംവകുപ്പ് നീക്കംചെയ്യും
അടിമാലി : ദേശീയപാതയോരത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളുടെ കണക്കെടുപ്പ് വനംവകുപ്പ് തുടങ്ങി. കളക്ടറുടെ നിർദേശപ്രകാരമാണ് ഇപ്പോഴത്തെ നടപടി. ഞായറാഴ്ച വാളറ സെക്ഷനിലെ വനപാലകർ ഇത്തരത്തിലുള്ള മരങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി. ഇതിൽ അടിയന്തരമായി വെട്ടിമാറ്റേണ്ട മരങ്ങൾ ഉണ്ടെങ്കിൽ അവകൾ ഉടൻ വെട്ടിമാറ്റുമെന്ന് നേര്യമംഗലം റേഞ്ച് ഓഫീസർ ജോജി ജോൺ പറഞ്ഞു. 2017-ൽ ഹൈക്കോടതിയുടെ നിർദേശപ്രകാരം 40 മരങ്ങളുടെ ലിസ്റ്റ് എടുത്ത് അവ നീക്കംചെയ്തതാണ്. ന്യൂനമർദത്തെ തുടർന്ന് ഇപ്പോൾ ഉണ്ടായ കാറ്റിന്റെയും മഴയുടെയും പേരിൽ ദേശീയപാതയോരത്തെ വലിയ മരങ്ങൾ വെട്ടിമാറ്റേണ്ടതില്ല. ഇവകളുടെ ശിഖരങ്ങൾ ആവശ്യമെങ്കിൽ നീക്കും. അടിമണ്ണ് ഒലിച്ചുപോയി അപകടാവസ്ഥയിലുള്ള പാഴ്‌മരങ്ങൾ ആവശ്യമെങ്കിൽ നീക്കംചെയ്യും. ഇതാണ് വനംവകുപ്പിന്റെ നിലപാടെന്ന് റേഞ്ച് ഓഫീസർ പറഞ്ഞു.