‘അരി അതിര്‍ത്തി കടക്കില്ല’; അരിയുടെ കയറ്റുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തി യുഎഇ
അബുദാബി: അരിയുടെ കയറ്റുമതിയും പുനര്‍കയറ്റുമതിയും താല്‍ക്കാലികമായി നിരോധിച്ച് യുഎഇ. നാല് മാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച നിലവില്‍ വന്ന ഉത്തരവ് സാമ്പത്തിക മന്ത്രാലയമാണ് പുറത്തുവിട്ടത്. ഇന്ത്യ അരി കയറ്റുമതി നിര്‍ത്തിവെച്ചതിനാല്‍ പ്രാദേശിക വിപണിയില്‍ ആവശ്യത്തിന് അരി ലഭ്യത ഉറപ്പാക്കാന്‍ വേണ്ടിയാണ് തീരുമാനം. ഈ മാസം 20ന് ശേഷം ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത അരിയുടെ പുനര്‍കയറ്റുമതിയും നിരോധനത്തില്‍പ്പെടും. കുത്തരി ഉള്‍പ്പെടെ എല്ലാ അരിയുടെയും കയറ്റുമതി നിരോധിച്ചിട്ടുണ്ട്. അരി കയറ്റുമതിയോ പുനര്‍ കയറ്റുമതിയോ ചെയ്യേണ്ട കമ്പനികള്‍ മന്ത്രാലയത്തില്‍ നിന്ന് പെര്‍മിറ്റ് ലഭിക്കാന്‍ അപേക്ഷിക്കണം. അരി കൊണ്ടുവന്ന ഉറവിടം. ഇടപാടുകള്‍ നടന്ന തീയതി എന്നിവയടക്കം ആവശ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍ സഹിതം വേണം അപക്ഷേ നല്‍കാന്‍.
ഇന്ത്യയില്‍ നിന്നുള്ളതല്ലാത്ത അരിയോ അരിയുല്‍പ്പന്നങ്ങളോ കയറ്റി അയയ്ക്കുന്നതിനും പ്രത്യേക അനുമതി വാങ്ങണം. ഒരു തവണ നല്‍കുന്ന കയറ്റുമതി പെര്‍മിറ്റിന് 30 ദിവസത്തെ സാധുത ഉണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അരി കയറ്റുമതി ചെയ്യുമ്പോള്‍ ഈ പെര്‍മിറ്റ് കസ്റ്റംസിന് നല്‍കണം. അപേക്ഷകള്‍ ഓണ്‍ലൈനായി e.economy@antidumping എന്ന വെബ്‌സൈറ്റ് വഴിയോ നേരിട്ട് സാമ്പത്തിക മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് എത്തിയോ നല്‍കാവുന്നതാണ്. യുഎഇയിലേക്ക് അരി ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.