ലോക്ഡൗണിന്റെ മറവില്‍; റവന്യൂ ഭൂമി കൈയേറാന്‍ ശ്രമം
നെടുങ്കണ്ടം: ലോക്ഡൗണിന്റെ മറവില്‍ നെടുങ്കണ്ടത്തിന് സമീപം മാന്‍കുത്തിമേട്ടില്‍ റവന്യൂ ഭൂമി കൈയേറാന്‍ ശ്രമം. റവന്യൂ സംഘം സ്ഥലം സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ ആരംഭിച്ചു. 50 ഏക്കറോളം ഭൂമിയാണ് കൈയേറുവാന്‍ നീക്കം നടന്നത്. കേരള – തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നാണ് റവന്യൂ ഭൂമിയില്‍ കൈയേറ്റ ശ്രമം നടന്നത്. കഴിഞ്ഞ ദിവസമാണ് റവന്യൂഭൂമി കൈയേറി സ്വകാര്യ വ്യക്തി റോഡ് നിര്‍മിച്ചത്. ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് റോഡ് നിര്‍മിക്കുകയായിരുന്നു. പ്രദേശത്തെ വിവിധയിടങ്ങളില്‍ വേലി കെട്ടുവാനായി ഭാഗങ്ങള്‍ അടയാളപ്പെടുത്തി തിരിച്ചതായും റവന്യൂ സംഘം കണ്ടെത്തി. സ്ഥലത്തിന്റെ കൃത്യമായ കണക്കുകളും അനുബന്ധ സ്ഥലങ്ങളുടെ രേഖകളും റവന്യൂ സംഘം പരിശോധിച്ചു വരികയാണ്. പാറത്തോട് വില്ലേജിലെ ബ്ലോക്ക് 49- ല്‍ പെട്ട ഭൂമിയും ചതുരംഗപ്പാറ വില്ലേജിലെ ബ്ലോക്ക് 18-ലെ പാറപ്പുറമ്പോക്കും ഉള്‍പ്പെട്ട ഭൂമിയാണ് കൈയേറിയത്. തുടര്‍ നടപടികള്‍ക്കായി ഉടുമ്പന്‍ചോല തഹസില്‍ദാര്‍ പാറത്തോട്, ചതുരംഗപ്പാറ വില്ലേജ് ഓഫീസര്‍മാരോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു മാസം മുമ്പ് ഇതേ സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഒരു സംഘം ആളുകള്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ എത്തിയിരുന്നു. ഇവിടെ സര്‍ക്കാരിന്റെ കാറ്റാടി പദ്ധതി കൊണ്ടുവരികയാണെന്നും ഇതിനായാണ് ഭൂമി അളക്കുന്നതെന്നും ഇവര്‍ പറഞ്ഞിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ റവന്യൂ അധികൃതരെ വിവിരം അറിയിക്കുകയും ഉദ്യോഗസ്ഥരെത്തി സര്‍വേ നടപടികള്‍ തടയുകയും ചെയ്തിരുന്നു. ആ സംഭവവുമായി ഇപ്പോഴത്തെ കൈയേറ്റത്തിന് ബന്ധമുണ്ടെന്ന് കരുതപ്പെടുന്നു. പ്രദേശത്ത് കൈയേറ്റ മാഫിയ ശക്തമാണെന്നും സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ഭൂസംരക്ഷണ സമിതി രൂപീകരിക്കുമെന്നും ഗ്രാമപഞ്ചായത്തു അംഗം ഡി.ജയകുമാര്‍ പറഞ്ഞു.