മണിപ്പൂർ കലാപം;പാർലമെന്റിൽ ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി
മണിപ്പൂർ സംഭവം ഇന്ത്യൻ ജനാധിപത്യത്തിനും മതേതരത്വത്തിനും ഏറ്റിരിക്കുന്ന ഏറ്റവും വലിയ ആഘാതമാണ്. ജാതിയുടെ പേരിൽ മനുഷ്യർ മൃഗീയമായി വധിക്കപ്പെടുന്ന ദയനീയ സംഭവങ്ങളാണ് കഴിഞ്ഞ രണ്ടുമാസങ്ങളായി റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. സംസ്ഥാന പോലീസും കേന്ദ്ര സേനയും നിഷ്‌ക്രിയത്വം പാലിക്കുന്നതുമൂലം വർഗീയ തീവ്രവാദികൾ നിയമം കയ്യിലെടുത്തിരിക്കുകയാണ്. പട്ടാള ക്യാമ്പുകളും പോലീസ് സ്റ്റേഷനുകളും അക്രമകാരികൾ കൊള്ളയടിച്ചു ആയുധങ്ങൾ കൈക്കലാക്കി ജനങ്ങളെ വെടിവെച്ചു കൊല്ലുകയാണ്. നിരവധി ഗ്രാമങ്ങൾ അഗ്നിക്കിരയാക്കിയതുമൂലം ആയിരക്കണക്കിന് ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. രണ്ടുമാസമായിട്ടും ഇന്ത്യാ രാജ്യത്തിന്റെ ഭാഗമായ മണിപ്പൂർ സംസ്ഥാനത്തു നടക്കുന്ന വംശീയ കലാപത്തെപ്പറ്റി പ്രധാനമന്ത്രി ഒരക്ഷരം പോലും മിണ്ടാത്തത് തികച്ചും പ്രതിഷേധാർഹമാണ്. നൂറുകണക്കിന് ക്രിസ്ത്യൻ പള്ളികളും സ്കൂളുകളും മറ്റു സ്ഥാപനങ്ങളും ദാരുണമായി അഗ്നിക്കിരയാക്കി. മാസങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ കുഞ്ഞുങ്ങൾ വഴിയാധാരമായിരിക്കുന്നു. ഈ ദയനീയ സാഹചര്യത്തിൽ മണിപ്പൂർ വിഷയം അടിയന്തിരമായി പാർലമെന്റിൽ ചർച്ചചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി…