പുതുപ്പള്ളി ഹൗസിനോട് വിടചൊല്ലി ജനനായകൻ ജന്മനാട്ടിലേക്ക്
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെട്ടു. ഏഴുമണിക്ക് ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്ന് വിലാപയാത്ര ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ജനത്തിരക്ക് കാരണം വൈകിയാണ് യാത്ര തുടങ്ങിയത്. ജനനായകനെ അവസാനമായി ഒരു നോക്ക് കാണാൻ വൻ ജനക്കൂട്ടമാണ് വിലാപയാത്ര കടന്നുവരുന്ന റോഡിന് ഇരുവശവും കത്ത് നിൽക്കുന്നത്. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണ് യാത്ര. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. ‘ഇല്ലാ ഇല്ലാ മരിക്കില്ലാ’ എന്ന മുദ്രാവാക്യ വിളികളോടെ പ്രവർത്തകർ പ്രിയ നേതാവിനെ യാത്രയാക്കി. ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വൈകിട്ട് കോട്ടയത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ ജംക്‌ഷനുകളിൽ സംഘടനകളും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളും അന്തിമോപചാരം അർപ്പിക്കാൻ ക്രമീകരണം ഏർപ്പെടുത്തുന്നുണ്ട്.
പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനം, ചങ്ങനാശേരി എസ്ബി കോളജ് എന്നിവയുടെ മുന്നിൽ അടക്കം അന്തിമോപചാരം അർപ്പിക്കാൻ വിലാപയാത്രാവാഹനം അൽപസമയം നിർത്തും. കോട്ടയം ഡിസിസിയുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങും. വൈകിട്ട് ഡിസിസി ഓഫിസിനു മുന്നിൽ പ്രത്യേക പന്തലിൽ അന്തിമോപചാരം അർപ്പിക്കുന്നതിനു സൗകര്യം ഒരുക്കും. രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീടായ പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ മൃതദേഹമെത്തിക്കും. സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ നാളെ 3.30 ന് സംസ്കാരം.