അടിമാലി താലൂക്ക്: ആശുപത്രി വളര്‍ന്നു; സൗകര്യങ്ങള്‍ കുറഞ്ഞു
ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ആശ്രയിക്കുന്ന ആതുരാലയമാണ് അടിമാലി താലൂക്ക് ആശുപത്രി. എന്നാല്‍, അത്ര സുഖകരമല്ല ഇവിടത്തെ സ്ഥിതി. ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഏറ്റവും കൂടുതല്‍ നവജാത ശിശുക്കള്‍ പിറന്നിരുന്ന ഈ ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തിക്കാതെയായിട്ട് 15 ദിവസത്തിലധികമായി. ഇവിടെ ഉണ്ടായിരുന്ന ഗൈനക്കോളജി മേധാവിയെ സ്ഥലംമാറ്റി. പകരം സമാന യോഗ്യതയും പരിചയസമ്ബത്തുമുള്ള ഡോക്ടറെ നിയമിച്ചെങ്കിലും മെഡിക്കല്‍ ലീവില്‍ പോയതാണ് ഇപ്പാഴത്തെ പ്രശ്നം. മൂന്ന് ഗൈനക്കോളജിസ്റ്റുള്ള ഇവിടെ ഇപ്പോള്‍ ഒരു ജൂനിയര്‍ ഡോക്ടര്‍ മാത്രമാണുള്ളത്. മൂന്ന് താലൂക്കിലെ ജനങ്ങള്‍ ആശ്രയിച്ചുവരുന്നതും 185 പട്ടികവര്‍ഗ കോളനിക്കാരുടെ ഏക ആശ്രയവുമാണ് ഈ ആശുപത്രി. 66 ബെഡുകളോടെ 1961ലാണ് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി പ്രവര്‍ത്തനം തുടങ്ങിയത്. 2001ല്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തി. എന്നാല്‍, ഇതിനാവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടില്ല. 1961ലെ കണക്ക് അനുസരിച്ചാണ് ജീവനക്കാരുള്ളത്. വിശാലമായ കെട്ടിടങ്ങളും 130 കട്ടിലുകളുമായി ആശുപത്രി വളര്‍ന്നെങ്കിലും ജീവനക്കാരെ വര്‍ധിപ്പിക്കാൻ ഇതുവരെ തയാറാകാത്തതാണ് രോഗികളെ വലക്കുന്നത്.
അവഗണന തുടര്‍ച്ച; ദുരിതം രോഗികള്‍ക്ക്
21 ഡോക്ടര്‍മാരുടെ തസ്തികയാണ് ഈ ആശുപത്രിയിലുള്ളത്. ഇതില്‍ സൂപ്രണ്ട്, രണ്ട് ഗൈനക്കോളജി ഉള്‍പ്പെടെ അഞ്ചു ഡോക്ടര്‍മാരുടെ കുറവുണ്ട്. നഴ്സിങ് ജീവനക്കാരില്‍ എട്ടു ജീവനക്കാരുടെ കുറവുണ്ട്. പാര്‍ടൈം സ്വീപ്പര്‍മാരുടെ തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. ശുചീകരണ തൊഴിലാളികള്‍ മൂന്നുപേര്‍ മാത്രമാണ് ഉള്ളത്. ആശുപത്രി വികസനസമിതി ആറുപേരെ താല്‍ക്കാലികമായി നിയമിച്ചിട്ടുണ്ടെങ്കിലും ഇതും പോരാ. ഐ.സി.യു ആംബുലൻസാണെങ്കില്‍ പലപ്പോഴും നിസ്സാര കാരണങ്ങളാല്‍ ഓടില്ല. ശുചിമുറികളും തകര്‍ച്ചയിലാണ്. രോഗികളുടെ ബാഹുല്യംമൂലം കൃത്യമായി പരിചരണം നല്‍കാൻപോലും പറ്റുന്നില്ല. വര്‍ഷത്തില്‍ 2300നടുത്ത് കുട്ടികള്‍ ഈ ആശുപത്രിയില്‍ ജനിക്കുന്നു. 500നടുത്ത് ഓപറേഷനും നടക്കുന്നു. ലാബ്, ഫാര്‍മസി തുടങ്ങിവയില്‍ താല്‍ക്കാലിക ജീവനക്കാരാണ് കൂടുതല്‍. ഒ.പിയിലും കാഷ്വല്‍റ്റിയിലുമായി പ്രതിദിനം 2100ലധികം രോഗികള്‍ എത്തുമ്ബാള്‍ 130 ബെഡുകളിലായി 150ലേറെ പേര്‍ ചികിത്സയിലുമുണ്ട്. അനസ്‌തറ്റിസ്റ്റ് ഇവിടെ ഇല്ല. കൊണ്ടുവരണമെങ്കില്‍ 2000 രൂപ രോഗി നല്‍കണം. മഴക്കാലരോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെ ആശുപത്രിയില്‍ ചികിത്സതേടി എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. ഉച്ചക്ക് ഒന്നു വരെയാണ് ഇവിടെ ഒ.പിയുള്ളത്. ഇതിന് ശേഷം വരുന്ന രോഗികളെല്ലാം ക്വാഷ്വല്‍റ്റിയിലെത്തി ഡോക്ടറെ കാണണം. രോഗികളുടെ എണ്ണം കൂടിയതോടെ ഉച്ചക്കുശേഷം വലിയ തിരക്കാണ്. അപകടങ്ങളില്‍പെടുന്നവരും മറ്റ് രോഗികളും കൂട്ടത്തോടെ എത്തുന്നതോടെ അത്യാഹിത വിഭാഗം ഏറെ പ്രതിസന്ധിയിലാകും. ഇവിടെ ഒരു ഡോക്ടറാണ് ഡ്യൂട്ടിയിലുണ്ടാവുക. അത്യാസന്നനിലയിലെത്തുന്ന രോഗികളെ പരിചരിക്കുന്ന ഡോക്ടറോട് മറ്റു രോഗങ്ങളുമായെത്തുന്നവര്‍ പരിശോധിക്കാൻ തിരക്കുകൂട്ടുന്നത് പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നു. ഈ പ്രശ്‌നം പരിഹരിക്കാൻ സാധാരണ ഒ.പി വൈകീട്ട് അഞ്ചു വരെയാക്കുകയും അത്യാഹിത വിഭാഗത്തില്‍ കുറഞ്ഞത് നാല് ഡോക്ടര്‍മാരെ നിയമിക്കുകയുമാണ് വേണ്ടത്. അത്യാഹിത വിഭാഗത്തിന് മുൻഭാഗം മുതല്‍ മോര്‍ച്ചറി വരെ ടൈല്‍ ഇളകിയും വെള്ളം കെട്ടിക്കിടന്നും ദുരിതവുമാണ്.