മണിപ്പൂരിനെക്കുറിച്ച് മോദി ഉരിയാടുന്നില്ലെന്ന് രാഹുൽ, ‘നിരാശരായ രാജവംശം’ ഇന്ത്യയെ പരിഹസിക്കുന്നുവെന്ന് ബിജെപി
മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. മണിപ്പൂരിലെ സ്ഥിതിഗതികൾ യൂറോപ്യൻ പാർലമെന്റിൽ ചർച്ചയായിട്ടും, പ്രധാനമന്ത്രി നരേന്ദ്രമോദി ഇതേക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടുന്നില്ലെന്നാണ് വിമർശനം. അതേസമയം പ്രസ്താവനയ്ക്ക് പിന്നാലെ രാഹുലിനെതിരെ ബിജെപിയും രംഗത്തെത്തി. ‘മണിപ്പൂർ കത്തുന്നു, യൂറോപ്യൻ യൂണിയൻ പാർലമെന്റ് ഇന്ത്യയുടെ ആഭ്യന്തര കാര്യം ചർച്ച ചെയ്യുന്നു. പ്രധാനമന്ത്രി ഒരു ഒരക്ഷരം ഉരിയാടുന്നില്ല.. അതിനിടെ, ബാസ്റ്റിൽ ഡേ പരേഡിനുള്ള ടിക്കറ്റ് റാഫേലിന് ലഭിച്ചു’ – രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. പിന്നാലെ കോൺഗ്രസ് നേതാവിനെ കടന്നാക്രമിച്ച് ബിജെപിയും രംഗത്തെത്തി. മോദിയുടെ ഫ്രാൻസ് സന്ദർശനത്തെയും മണിപ്പൂർ വിഷയത്തിലെ നിശ്ശബ്ദതയെയും വിമർശിച്ച രാഹുലിനെ ‘നിരാശരായ രാജവംശം’ എന്നാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിശേഷിപ്പിച്ചത്.
“ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അന്താരാഷ്‌ട്ര ഇടപെടൽ തേടുന്ന ഒരാൾ, ‘മേക്ക് ഇൻ ഇന്ത്യ’ അഭിലാഷത്തെ അട്ടിമറിക്കുന്ന നിരാശരായ രാജവംശം, നമ്മുടെ പ്രധാനമന്ത്രിക്ക് ദേശീയ ബഹുമതി ലഭിക്കുമ്പോൾ ഇന്ത്യയെ പരിഹസിക്കുന്നു” – ഇറാനി ട്വീറ്റ് ചെയ്തു. സ്മൃതി ഇറാനിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് രംഗത്തെത്തി. “മറ്റു സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് ഒരക്ഷരം മിണ്ടാത്ത, നമ്മുടെ കായികതാരങ്ങൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിശബ്ദത പാലിക്കുന്ന, വിലക്കയറ്റത്തിൽ നിശബ്ദത പാലിക്കുന്ന ഒരു സ്ത്രീ…വിഷം ചീറ്റുക മാത്രമാണ് അവരുടെ ജോലി” – സുപ്രിയ ശ്രീനേറ്റ് ട്വീറ്റ് ചെയ്തു.